
പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ടൗൺ നോർത്ത് സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. സ്കൂളിന് സമീപം സ്ഫോടക വസ്തു എങ്ങനെ എത്തി എന്ന് അന്വേഷിക്കും. നിർമ്മാണം സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസ് സ്കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്കൂൾ വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിനെതിരെ ഗുരുതര ആരോപണങ്ങളാണ് മന്ത്രി വി ശിവൻകുട്ടി ഉയര്‍ത്തിയത്.സ്കൂൾ കോമ്പൗണ്ടിൽ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും, ഇവിടെ ആർഎസ്എസ് ക്യാമ്പ് നടക്കുന്ന സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ ആർഎസ്എസിന് പങ്കുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പരിസരത്ത് ബോംബ് സ്ഫോടനം നടന്ന സാഹചര്യത്തിൽ സ്കൂൾ നടത്തിപ്പിന് സർക്കാർ നൽകിയിരുന്ന എൻ.ഒ.സി പിൻവലിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് അറിയിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പസിനുള്ളിൽ ആയുധ പരിശീലനമോ റൂട്ട് മാർച്ചോ നടത്താൻ അനുവദിക്കില്ല. അതിനായി എൻഎസ്എസ്, സ്കൗട്ട്, ഗൈഡ് തുടങ്ങിയ സംവിധാനങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസം വൈകീട്ടാണ് പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കുളിന് സമീപത്തുനിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരുക്കേറ്റു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് എക്‌സ്‌പ്ലോസീവ് സബ്സ്റ്റാന്‍സസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.