Asianet News MalayalamAsianet News Malayalam

File Missing : ആരോ​ഗ്യ വകുപ്പ് ഫയലുകൾ കാണാതായ സംഭവം;എല്ലാം പഴയത്, കൊവിഡ് കാല ഇടപാടുമായി ബന്ധമില്ലെന്ന് മന്ത്രി

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

kerala health minister veena george response about files missing from the health department
Author
Pathanamthitta, First Published Jan 8, 2022, 10:34 AM IST

പത്തനംതിട്ട: ആരോ​ഗ്യ വകുപ്പ് (Health Department) ഫയലുകൾ കാണാതായ (File Missing) സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). കാണാതായ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ല. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോ​ഗ്യ വകുപ്പിൽ നിന്ന് 500 ലേറെ ഫയലുകളാണ് കാണാതായത്. സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച്  കന്റോൺമെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

Also Read: ആരോഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ കാണാതായ സംഭവം; കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ്

അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios