
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായെന്ന് പിടിയിലായ യുവതികളുടെ മൊഴി. ജയിൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ തയ്യൽ ക്ലാസിന് ശില്‍പ്പയും സന്ധ്യയും പോയിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്‍റിന് സമീപത്തെ കമ്പിയിൽ സാരി ചുറ്റി അതില്‍ ചവിട്ടി ചാടുകയായിരുന്നു.
ജയില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞു. ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. വേഗം പുറത്തിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ജയിൽ ചാടാൻ തീരുമാനിച്ചെന്നും യുവതികളുടെ മൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ജയില്‍ ചാടിയ യുവതികളെ ഇന്നലെ രാത്രി പാലോട് പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്നാണ് പിടികൂടിയത്. ശില്‍പ്പയുടെ വീട്ടിലേക്ക് ഇരുവരും പോകുന്നതിനിടെയാണ് പിടിയിലായത്.
പാങ്ങോട് സ്വദേശിയായ ശിൽപ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ജാമ്യമെടുക്കാൻ പണമില്ലാത്തതിനാലാവണം ഇവർ ജയിൽ ചാടാൻ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam