പുനർജനി നൂഴൽ ചടങ്ങിന് വൻ ഭക്തജന പ്രവാഹം; ഗുഹ കടന്ന് പുനർജനിയിലൂടെ പൂർവ്വജന്മ പാപങ്ങൾ തീരുമെന്ന് വിശ്വാസം

Published : Dec 01, 2025, 12:21 PM IST
punarjani

Synopsis

വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നടന്ന പുനർജനി നൂഴൽ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. പാപങ്ങൾ നീങ്ങി മോക്ഷപ്രാപ്തി ലഭിക്കുമെന്ന വിശ്വാസത്തിൽ, ദുഷ്കരമായ പുനർജനി ഗുഹയിലൂടെ ഭക്തർ നൂഴ്ന്നിറങ്ങി.

തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ചടങ്ങിന് വൻ ഭക്തജന പ്രവാഹം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് ഈ വിശേഷാൽ ചടങ്ങ് നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടു കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര ജീവനക്കാർ, മേൽശാന്തി, ഭക്തർ എന്നിവരടങ്ങുന്ന സംഘം ഗുഹാമുഖത്തെത്തി പ്രത്യേക പൂജകൾക്ക് ശേഷമാണ് പുനർജനി നൂഴൽ ആരംഭിച്ചത്. വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ കിഴക്ക് വില്വാമലയിലാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ദേവഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവാണ് പുനർജനി ഗുഹ നിർമ്മിച്ചതെന്നാണ് ഐതീഹ്യം. പുനർജനി നൂഴുന്നതിലൂടെ പൂർവ്വ ജന്മങ്ങളിലെയും ഈ ജന്മത്തിലെയും പാപങ്ങൾ നീങ്ങി മോക്ഷപ്രാപ്തി കൈവരുമെന്നാണ് ഭക്തരുടെ വിശ്വാസം.

ദുഷ്കരമായ യാത്രയും ഒരുക്കങ്ങളും

അത്യന്തം ദുഷ്കരവും ഇടുങ്ങിയതുമായ ഗുഹയിലൂടെ ഇരുന്നും, നിരങ്ങിയും, മലർന്ന് കിടന്നും, കമിഴ്ന്ന് കിടന്ന് നീങ്ങിയുമാണ് ഭക്തർ പുറത്തെത്തുന്നത്. തൊട്ടു മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായം തേടിയാണ് ഓരോരുത്തരും ഗുഹ കടക്കുന്നത്. പുനർജനി നൂഴാനെത്തുന്നവർ ക്ഷേത്രദർശനം നടത്തി കാണിക്കയർപ്പിച്ച ശേഷം രാമനാമ മന്ത്രം ഉരുവിട്ടാണ് ഗുഹാമുഖത്തേക്ക് എത്തുന്നത്. കിഴക്കേ നടയിലൂടെ കിഴക്കോട്ട് നടന്നാൽ ഗുഹാമുഖത്തെത്താം. നടന്നെത്താനാകാത്തവർക്ക് മലേശമംഗലം റോഡിലൂടെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിനു പുറകിലുള്ള വഴിയിലൂടെയും എത്താവുന്നതാണ്. ആയിരത്തോളം ആളുകൾക്ക് മാത്രമാണ് പുനർജനി നൂഴലിന് അവസരം ലഭിക്കുന്നത്. എങ്കിലും പതിനായിരത്തിലധികം പേർ ചടങ്ങിന് സാക്ഷികളാകാൻ എത്തിച്ചേരും. പുനർജനിയോടു ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന അഞ്ച് തീർത്ഥങ്ങൾ പ്രസിദ്ധമാണ്: അമ്പ് തീർത്ഥം, കൊമ്പ് തീർത്ഥം, ഗണപതി തീർത്ഥം, പാപനാശിനി തീർത്ഥം, പാതാള തീർത്ഥം എന്നിവയാണവ.തിരുവില്വാമല ഗ്രാമപഞ്ചായത്ത്, കൊച്ചിൻ ദേവസ്വം ബോർഡ്, കേരള പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സഹകരണത്തോടെ വിപുലമായ സൗകര്യങ്ങളാണ് ഭക്തർക്കായി ഒരുക്കിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു
Malayalam News Live: താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു