
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകൾ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകൾക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതൽ സ്‌കൂളുകൾ അടയ്ക്കും.
സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തെക്കൻ ജില്ലകളിൽ ഡിസംബർ ഒൻപതിനും വടക്കൻ ജില്ലകളിൽ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഈ ദിവസങ്ങളിൽ പതിവ് പോലെ പൊതു അവധി പ്രഖ്യാപിക്കും. ഇതിന് പുറമെ, അധ്യാപകർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതിനാൽ തെക്കൻ ജില്ലകളിൽ ഡിസംബർ എട്ടിനും വടക്കൻ ജില്ലകളിൽ ഡിസംബർ പത്തിനും അവധിയായിരിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌കൂളുകളിൽ വോട്ടെണ്ണി കഴിയുന്നത് വരെ സ്‌കൂളുകൾക്ക് അവധി നൽകാൻ സാധ്യതയുണ്ട്.
ഡിസംബർ 15 നാണ് സംസ്ഥാനത്ത് അർധവാർഷിക പരീക്ഷകൾക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് നേരത്തെ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് ഈ തീയ്യതികൾ നീട്ടിയത്. ഡിസംബർ 15 ന് ആരംഭിക്കുന്ന പരീക്ഷ ഡിസംബർ 23 നാണ് അവസാനിക്കുക. ഡിസംബർ 24 മുതൽ സ്‌കൂളുകൾ അടയ്ക്കും. പിന്നീട് ജനുവരി അഞ്ചിനാണ് സ്‌കൂളുകൾ തുറക്കുക.
ഡിസംബർ ആറ്, ഏഴ്, 13, 14, 20, 21 തീയ്യതികൾ ശനി, ഞായർ ദിവസങ്ങളായതിനാൽ ഈ ദിവസങ്ങളിലും അധ്യയനം നടക്കില്ല. ഫലത്തിൽ ഈ മാസം ഭൂരിഭാഗം സ്‌കൂളുകളിലും പത്ത് ദിവസം മാത്രമേ അധ്യയനം നടക്കൂ. പരീക്ഷാ കാലമായതിനാൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കിട്ടുന്ന അവധി ദിനങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി കുട്ടികൾക്ക് ഉപയോഗിക്കാനാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam