
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മലപ്പുറം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സി.പി.ഒ ഹരിലാലിനെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് കമ്മീഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശിവരാമന് നീതി കിട്ടുന്നത്. 2020 സെപ്റ്റംബർ 19 ന് കോൺഗ്രസ് മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തിയിരുന്നു. ഇതിനിടയിലാണ് പൊന്നാനി സ്വദേശിയായ ശിമരാമനെ പൊലീസുകാരൻ അടിച്ച് പരിക്കേല്‍പ്പിച്ചത്.
കോൺഗ്രസ് നേതാവാണെങ്കിലും നേരത്തെ ഒരു അപകടത്തില്‍ കൈ പൊട്ടി ചികിത്സയിലായിരുന്നതിനാല്‍ ശവരാമൻ സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് മാത്രമല്ല ഏതാണ്ട് നൂറു മീറ്റര്‍ അകലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലായിരുന്നു നിന്നിരുന്നത്. സമരത്തിനുശേഷം കോൺഗ്രസ് നേതാക്കളെ കാണാനായിരുന്നു അദ്ദേഹം മാറി നിന്നിരുന്നത്. അവിടെയെത്തിയാണ് ഹരിലാല്‍ എന്ന പൊലീസുകാരൻ ശിവരാമനെ അടിച്ചത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സഹിതമാണ് ശിവരാമൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.പൊലീസുദ്യോഗസ്ഥന്‍റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് കമ്മീഷൻ വിലയിരുത്തി. മനുഷ്യാവകാശ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ ശിക്ഷ നൽകേണ്ടത് അനിവാര്യമാണെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.