
കൊല്ലം: ചിറ്റൂരിലെ കെ.എം.എം.എൽ ആസിഡ് മലിന ജല വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കൊല്ലം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം നൽകി. കമ്മീഷൻ അംഗം ബീനാകുമാരിയാണ് കേസെടുത്തത്. ചിറ്റൂരിലെ ജനങ്ങളുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ.
ചിറ്റൂരിലെ പാടത്തും വീട്ടു പറമ്പിലും ഒക്കെ ഓറഞ്ച് നിറത്തിലുള്ള വെള്ളമാണ്. മഴക്കാലമായാൽ പിന്നെ കാലുകൾ ചൊറിഞ്ഞു പൊട്ടും. വേനൽക്കാലത്ത് പ്രദേശം ചീഞ്ഞ് നാറും. കിണറുണ്ട്, അതിൽ വെള്ളവുമുണ്ട്. പക്ഷേ ഉപയോഗിക്കാനാകില്ല. കുടിക്കാൻ വെള്ളം വേണമെങ്കിൽ പോലും കെഎംഎംഎൽ കനിയണം. അഞ്ഞൂറിലധികം കുടുംബങ്ങളാണ് ചിറ്റൂരിൽ ദുരിതത്തിൽ കഴിയുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കി. 150 കോടി രൂപയും മാറ്റിവച്ചു. 2017 ൽ കിൻഫ്ര വഴി ഭൂമി എറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം ആളുകളും ഭൂമി വിട്ടു കൊടുക്കാൻ സമ്മത പത്രവും നൽകി. എന്നാൽ സർക്കാർ നടപടികൾ പിന്നെ മുന്നോട്ട് പോയതേയില്ല. വില നിർണയ നടപടികൾ നടക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ഏറ്റെടുക്കൽ ഇനിയും വൈകിയാൽ പ്രതിഷേധ പരിപാടിയിലേക്ക് കടക്കാനാണ് ആസിഡ് ഗ്രാമം സമരസമിതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam