
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് സി പി എം ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. നരബലി കേസിലെ പ്രതി ഭഗവൽ സിംങ് സജീവ സി പി എം പ്രവർത്തകൻ ആയിരുന്നെന്ന് പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് ഇന്നലെ പറഞ്ഞതടക്കം തള്ളികളഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറി പ്രസ്തവനയുമായി രംഗത്തെത്തിയത്. പ്രതികൾ സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നാണ് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞത്. ഇരുവരും പാര്‍ട്ടിയംഗങ്ങളല്ലായിരുന്നെന്നും പാര്‍ട്ടിയിലോ മറ്റു ബഹുജനസംഘടനകളിലോ യാതൊരു ഉത്തരവാദിത്തവും ഇല്ലായിരുന്നെന്നും ഉദയഭാനു വ്യക്തമാക്കി. അനുഭാവികളെന്ന നിലയില്‍ ചില പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാകുമെന്നും അല്ലാതെ സി പി എമ്മുമായി ഒരു ബന്ധവുമില്ലെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഉദയഭാനുവിന്‍റെ വാക്കുകൾ
ഇലന്തൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ സി പിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകരെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. ഇരുവരും പാര്‍ടിയംഗവുമല്ലായിരുന്നു. പാര്‍ടിയിലോ മറ്റു ബഹുജനസംഘടനകളിലോ യാതൊരു ഉത്തരവാദിത്തവും ഇല്ലായിരുന്നു. അനുഭാവികളെന്ന നിലയില്‍ ചില പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാവും. അല്ലാതെ സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല. അനാചാരവും അന്ധവിശ്വാസത്തിനുമെതിരായി ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സി പി ഐ എം. ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന കള്ളപ്രചാരണമാണ് ഇത്. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സി പി ഐ എമ്മാണ്. സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുള്‍പ്പെടെ ജില്ലയിലെ സി പി ഐ എം നേതാക്കള്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തി സംഭവത്തെ അതിരൂക്ഷമായി അപലപിച്ചിരുന്നു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തില്‍ പരസ്യമായി രംഗത്തുവന്നിട്ടുമില്ല. വ്യാഴാഴ്ച മലയാലപ്പുഴയിലും ദുര്‍മന്ത്രവാദത്തിനും മറ്റും എതിരായി പ്രതികരിച്ചതും ഡി വൈ എഫ് ഐ പ്രവർത്തകരായിരുന്നു. ആ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് എല്ലാകാലത്തും സി പി ഐ എമ്മിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.
ഏരിയാ സെക്രട്ടറി ഇന്നലെ പറഞ്ഞത്
ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ സി പി എം പ്രവർത്തകൻ ആയിരുന്നെന്നാണ് പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് വ്യക്തമാക്കിയത്. വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവൽ സിങെന്നും സി പി എം വ്യക്തിത്വം എന്നതിൽ ഉപരി ജനകീയ മുഖം ആയിരുന്നു ഭഗവൽ സിംങിന്‍റേതെന്നും പ്രദീപ് പറഞ്ഞിരുന്നു. മുൻപ് പൂർണമായും പുരോഗമനവാദി ആയിരുന്നു ഭഗവൽ സിംങ് പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നുവെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവൽ സിംഗ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിഞ്ഞു നിൽക്കുകയായിരുന്നുവെന്നും ഈ കാലത്ത് പാർട്ടി പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ഭക്തി മാർഗത്തിൽ ആയിരുന്നു ഭഗവൽ സിങെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഒടുവിൽ പാർട്ടി സ്ഥിരീകരിച്ചു, 'നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം പ്രവർത്തകൻ'