പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കുമെന്ന് പറഞ്ഞ എസ് ശശിധരൻ, ഊഹാപോഹങ്ങൾ എല്ലാം അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നുവെന്ന് ഡിസിപി എസ് ശശിധരൻ. ഇന്ന് തെളിവെടുപ്പില്ലെന്നും ചോദ്യം ചെയ്യൽ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനമെന്നും ഡിസിപി പറഞ്ഞു. കടവന്ത്ര കേസും കാലടി കേസും വെവ്വേറെ അന്വേഷിക്കും. കടവന്ത്ര കേസിലെ കസ്റ്റഡിയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കാലടി കേസിലെ നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കുമെന്ന് പറഞ്ഞ എസ് ശശിധരൻ, ഊഹാപോഹങ്ങൾ എല്ലാം അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ് പരിശോധന തുടങ്ങി. നൂറിലേറെ പേജുകളിൽ നീളുന്ന സംഭാഷണത്തിൽ മറ്റ് ഇരകളുണ്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്. എറണാകുളത്തും പത്തനംതിട്ടയിലുമടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാണാതായ സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുന്നതടക്കം പ്രത്യേക ആക്ഷൻ പ്ലാനും രണ്ടാം ഘട്ട അന്വേഷണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

Also Read:'കുഴിച്ചെടുത്ത മൃതദേഹങ്ങള്‍ സ്ത്രീകളുടേത് തന്നെ',സ്ഥിരീകരണം,ബന്ധുക്കളുടേതടക്കം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു

നരബലി ആസൂത്രണം ചെയ്യാൻ ഷാഫി തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ മൂന്ന് വർഷത്തെ സംഭാഷണങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലായി നീളുന്ന സംഭാഷണത്തിൽ നരബലിയടക്കം നടത്തേണ്ടതിന്‍റെ ആവശ്യവും നേട്ടവുമെല്ലാം ഷാഫി വിശദീകരിക്കുന്നുണ്ട്. ഇതേ അക്കൗണ്ടിലൂടെ മറ്റ് ആരെയെങ്കിലും ഇയാൾ സമീപിച്ചിരുന്നോ എന്നതും അന്വേഷിക്കുകയാണ്. സൈബർ വിദഗ്ധരുടെ സഹായം ഇതിനായി ചോദ്യം ചെയ്യലിൽ ഉപയോഗിക്കും. 12 ദിവസത്തെ കസ്റ്റഡി കാലയളവിൽ പ്രതികൾ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് പ്രത്യേക സംഘം തയ്യാറാക്കി. അന്വേഷണ ചുമതലയുള്ള ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ആലുവ പെരുമ്പാവൂർ മേഖലയിലെ കേസിന് മേൽനോട്ടം വഹിക്കുക റൂറൽ എസ്പി വിവേക് കുമാറും എഎസ്പി ആനൂജുമായിരിക്കും.

YouTube video player