
ഇടുക്കി: ചെറുതോണിയിൽ (Cheruthoni) കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു മുനിസ്വാമിയുടെ ഭാര്യ രഞ്ജിനി. മുനിസ്വാമിയും രഞ്ജിനിയും ഒറ്റക്കായിരുന്നു താമസം. കൊലപ്പെടുത്തിയ ശേഷം മുനിസ്വാമി ഭാര്യ മരിച്ചതായി അയല്‍വാസികളെ അറിയിച്ചു. മക്കളിലൊരാളെയും വിളിച്ചറിയിച്ചു.
നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിൽ കഴുത്തിൽ പാടുകണ്ടത് കൊലപാതകമാണെന്ന സംശയത്തിനിടയാക്കി.പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് മുനിസ്വമി പൊലീസിനോടു പറഞ്ഞു. ഇവർക്ക് മൂന്നു പെണ്‍മക്കളുണ്ട്. രണ്ടുപേര്‍ വിവാഹിതരാണ്. ഇളയ മകള്‍ തൊടുപുഴയില്‍ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനിസ്വാമിയെ നാളെ കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് ആനാട് പങ്കാളിയായ യുവാവിനെ തീകൊളുത്തിക്കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ബിന്ദു, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകളുടെ ദേഹത്ത് മണ്ണെണ ഒഴിച്ചെങ്കിലും കുട്ടി ഓടി രക്ഷപ്പെട്ടു. വൈകിട്ട് നാലരയോടെയാണ് നെടുമങ്ങാട് നളന്ദ ടവറിൽ ദാരുണമായ സംഭവം നന്നത്. ആറുവയസുള്ള പെൺകുട്ടി കരഞ്ഞ് വിളിച്ചത് കേട്ടെത്തിയ അയൽവാസികൾ കണ്ടത് വീട്ടിനകത്ത് നിന്ന് കത്തുന്ന അഭിലാഷിനേയും ബിന്ദുവിനേയുമാണ്.
നാട്ടുകാരും ഫയർഫോഴ്സും എത്തി തീയണയ്ക്കുമ്പോഴേക്കും ഇരുവരും മരിച്ചരുന്നു. കശുവണ്ടി കമ്പനിയിൽ തൊഴിലാളിയായ ബിന്ദു വിവാഹ മോചിതയാണ്. ബിന്ദുവും അഭിലാഷും കഴിഞ്ഞ മൂന്നുവർഷമായി ഒരുമിച്ചാണ് കഴിയുന്നത്. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് അഭിലാഷ് വേറെ വിവാഹം കഴിക്കുമെന്ന ബിന്ദുവിന്‍റെ സംശയത്തെ തുടർന്ന് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രവാസിയായ അഭിലാഷ് ഇന്നലെയാണ് വിദേശത്ത് നിന്ന് എത്തിയത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മയും വളർത്തച്ഛനും മരിച്ചതോട ആറുവയസ്സുകാരിയുടെ ഭാവി അനിശ്ചിതത്വത്തിലായി.