
കൊച്ചി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എൽഡിഎഫ് എംഎൽഎ പി വി ശ്രീനിജിൻ. സ്ഥാനമാനങ്ങൾക്കായി എന്ത് നെറികേടും ചെയ്യുന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ പാർട്ടി പിളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ശ്രീനിജിൻ ആരോപിച്ചു.
ട്വന്‍റി 20 ചീഫ് സാബു എം ജേക്കബിനെ താൻ രാഷ്ട്രീയമായി എതിർക്കുന്നത് നേർക്കുനേർ നിന്നാണെന്നും എന്നാൽ അവരുടെ പാർട്ടിയിലെ ഒരാളെ പോലും പണം നൽകി എൽഡിഎഫിലേക്ക് കൊണ്ടുവരാനോ പാർട്ടി പിളർത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും ശ്രീനിജിൻ വ്യക്തമാക്കി. എന്നാൽ ട്വന്‍റി 20യുടെ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജിയും അതിന് പിന്നിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇടപെടലും രാഷ്ട്രീയ കേരളം ഗൗരവമായി ചർച്ച ചെയ്യണം. വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ നീക്കം രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു.
കുന്നത്തുനാട്ടിലെ ജനമനസ്സുകളിൽ വലിയ സ്ഥാനമുള്ള പരേതനായ ടി എച്ച് മുസ്തഫയെയും അദ്ദേഹത്തിന്‍റെ മക്കളെയും കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് പ്രവർത്തകർ പോലും മറക്കില്ലെന്ന് എംഎൽഎ പറഞ്ഞു. വായ് തുറന്നാൽ അശ്ലീല ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഒരാൾ എങ്ങനെയാണ് കെപിസിസി വൈസ് പ്രസിഡന്‍റായി തുടരുന്നതെന്ന് കോൺഗ്രസ് ആലോചിക്കണം. സ്ഥാനാർത്ഥിയുടെ ഇത്തരം സ്വഭാവത്തെക്കുറിച്ച് തനിക്ക് വ്യക്തിപരമായ അനുഭവങ്ങളുണ്ടെന്നും ശ്രീനിജിൻ കുറിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ മാന്യത പുലർത്തിയത് കൊണ്ടാണ് പല കാര്യങ്ങളും അന്ന് വെളിപ്പെടുത്താതിരുന്നത്. കിഴക്കമ്പലത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ബാബു സെയ്താലി തന്നെ പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ കയ്യിലുണ്ടായിട്ടും അത് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചില്ല. ബാബു സെയ്താലിക്ക് സ്ഥാനാർത്ഥിയെ ഭയന്നാണ് 'ഞാൻ യുഡിഎഫിനൊപ്പമാണ്' എന്ന് വീഡിയോ ഇടേണ്ടി വന്നത്. സ്വന്തം പ്രവർത്തകരെ പോലും വിശ്വാസത്തിലെടുക്കാൻ കഴിയാത്ത സ്ഥാനാർത്ഥിയാണ് യുഡിഎഫിന്‍റേതെന്നും ശ്രീനിജിൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നും ജനം വിധിയെഴുതിക്കഴിഞ്ഞെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam