ഗുജറാത്തിലെ ഗിർ സോമനാഥിൽ, ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ച സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് നിയമം ലംഘിച്ചതിനും കുട്ടിയെ നിയമലംഘനത്തിന് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്
ഗിർ സോമനാഥ്: സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ കടയിലേക്ക് അയച്ച സർക്കാർ സ്കൂൾ അധ്യാപകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലെ ഖപത് ഗ്രാമത്തിൽ ജൂൺ 20 ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പൂർണ്ണമായും മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. സ്‌കൂൾ സമയത്ത് അധ്യാപകൻ വിദ്യാർത്ഥിക്ക് പണം നൽകി അനധികൃതമായി പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സ്കൂൾ അധികൃതരും നാട്ടുകാരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ കർശനമായ മദ്യനിരോധന നിയമങ്ങൾ ലംഘിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.


