നെയ്യാറ്റിൻകര ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അടിയന്തര നടപടി. കടുത്ത നെഞ്ചുവേദനയുണ്ടായിട്ടും ഡോക്ടറെ കാണാൻ സെക്യൂരിറ്റി ജീവനക്കാരൻ അനുവദിച്ചില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ജീവനക്കാരനെ മാറ്റി നിർത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി കെ മുരളീധരൻ. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിറുത്താൻ തിരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നലെ കഠിനമായ നെഞ്ച് വേദന വന്ന രോഗിയെ ഡോക്ടറെ കാണിക്കാൻ വിസമ്മതിച്ചു എന്നായിരുന്നു സെക്യൂരിറ്റിക്കെതിരെ ഉയർന്ന പരാതി. മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ദ്ധ സംഘം ആശുപത്രി സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. ഇതിന് പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. രാജേഷ് കുമാർ കുഴഞ്ഞ് വീണ് മരിച്ചെന്നറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. കഠിനമായ നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിക്കാത്തതിൽ നടപടി വേണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
ആരോഗ്യമന്ത്രിയുടെ അറിയിപ്പ്
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ദ്ധ സംഘം ഇന്നലെ ആശുപത്രി സന്ദർശിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും തിരുവനന്തപുരം ഡി എം ഒയുമായ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡയറക്ടർമാരായ ഡോ ഇ രാജേന്ദ്രൻ, ഡോ. കെ സന്ദീപ്, തിരുവനന്തപുരം ജനറൽ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. നീമ പി കാർത്തികേയൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ് പ്രിയ, തിരുവനന്തപുരം ജില്ല ആർദ്രം കോഓർഡിനേറ്റർ ഡോ. സൂരജ് എന്നിവരടങ്ങുന്ന സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു.
