
കണ്ണൂർ; പാർട്ടിയിൽ ഉയർന്നുവരുന്ന ‘പാർലമെന്ററി വ്യാമോഹം’ ചർച്ചയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ. പാർട്ടി നേതൃത്വത്തിനാണ് യഥാർഥത്തിൽ വ്യാമോഹമെന്നും എല്ലാവരും സ്ഥാനമാനങ്ങളിൽ കയറിപ്പറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലാം തവണ മത്സരിക്കുന്നതിനെ എതിർത്തതാണോ പാർലമെന്ററി വ്യാമോഹമെന്ന് ചോദിച്ച ഗോവിന്ദൻ, അഞ്ചും എട്ടും തവണ മത്സരിച്ചവരും പാർട്ടിയിലുണ്ടെന്നും ചൂണ്ടിക്കാട്ടി. അത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ചതിനെയാണ് വ്യാമോഹമെന്ന് വിളിക്കുന്നതെങ്കിൽ അത് അങ്ങനെ തന്നെ ആയിക്കോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേയുള്ളൂവെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും പാർട്ടിയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യരായ നിരവധി പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ അതൃപ്തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും നിലവിലെ അസംതൃപ്തിക്ക് കാരണം നേതൃത്വം തന്നെയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
ഇ.ഡി.യെക്കുറിച്ചും ടി.കെ. ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ ആയുധമായി മാറിയ ഇ.ഡി. നിലവാരമില്ലാത്ത ഏജൻസിയാണെന്നും ബിജെപിയിലേക്ക് ആളെ ചേർക്കുന്ന പണിയാണ് ഇ.ഡി. ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി. പറയുന്ന കാര്യങ്ങൾ അന്നം തിന്നുന്നവർക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയ പകപോക്കലാണ് ഇ.ഡി. നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയനെതിരെ തെളിവുണ്ടെങ്കിൽ ഇ.ഡി. തന്നെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസെടുക്കാൻ ഇ ഡി സർക്കാരിന് കത്ത് നൽകിയതിന് പിന്നിൽ ചില പ്രത്യേക ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സി.പി.ഐ പലപ്പോഴും സ്വീകരിക്കുന്ന നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഒരു കക്ഷി കുഴിയിൽ ചാടുമ്പോൾ അതിന്റെ മുകളിൽ കല്ലെടുത്ത് വെക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam