എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ഷാൾ അണിയിച്ചാണ് സുകുമാരൻ നായർ സ്വീകരിച്ചത്. മുസ്ലീം സമുദായവുമായും ലീഗുമായും ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോട്ടയം: പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദര്‍ശിച്ചു. എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ഷാൾ അണിയിച്ചാണ് സുകുമാരൻ നായർ സ്വീകരിച്ചത്. 15 മിനിറ്റ് നേരം ഇരുവരും തമ്മിൽ കൂടികാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

മുസ്ലീം സമുദായവുമായും ലീഗുമായും ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മതങ്ങളോട് ഒരേ സമീപനമാണ് പുലര്‍ത്തുന്നത്. അതിൽ കുറച്ചു കൂടുതൽ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവരാണ് എൻഎസ്എസ് എന്ന് മന്ത്രി എൻ ഷംസുദ്ദീനും പറഞ്ഞു. സൗഹൃദ സന്ദർശനമായിരുന്നു നടന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകിയതിനെ മുമ്പ് സുകുമാരൻ നായർ രൂക്ഷമായി വിമർശിച്ചിരുന്നു.