ജയിലുകളിലെ ഫോണ്‍വിളി; ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല

By Web TeamFirst Published Jul 12, 2019, 11:03 AM IST
Highlights

കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന്നും ഇതുവരെ 70 ഫോണുകളാണ് പിടികൂടിയത്. 

തിരുവനന്തപുരം: ജയിലിലെ ഫോണ്‍വിളിയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഐജി ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ജയിൽ മേധാവി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംസ്ഥാനത്തെ ജയിലുകളിൽ നിന്നും തടവുകാർ വ്യാപകമായി ഫോണ്‍ ഉപയോഗിക്കുകയാണെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്. കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നിന്നും സ്മാ‍ർട്ട് ഫോണ്‍ ഉള്‍പ്പെടെ 70 ഫോണുകളാണ് പിടിച്ചെടുത്തത്.  

ടിപി കേസിലെ പ്രതികളുടെയും, രാഷ്ട്രീയ കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന സിപിഎം അനുഭാവികളുടെയും സെല്ലുകളിൽ നിന്നാണ് ഫോണുകള്‍ മിക്കതും പിടിച്ചെടുത്തത്.  മുൻ കാലങ്ങളിൽ റെയ്‍ഡുകളിൽ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. 

ഈ സഹാചര്യത്തിലാണ് ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. സിം കാർഡുകള്‍ ആരുടെ പേരിലെടുത്തു, ജയിലിനുള്ളില്‍ ഫോണുകള്‍ എത്തിക്കാൻ ആരാണ് സഹായം ചെയ്തത്. ഫോണുകളിലേക്ക് വന്നതും പോയതുമായി കോളുകള്‍ ആരുടെയൊക്കെയാണ് തുടങ്ങിയവ വിശദമായ അന്വേഷിക്കണമെന്നാണ് ജയിൽ മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചത്. എസ്പിമാരായ സുദർശൻ, ഡോ ശ്രീനിവാസൻ, നാലു ഡിവൈഎസ്പിമാരും ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം. അന്വേഷണ സംഘം തൃശൂരിൽ ഇന്നലെ ആദ്യം യോഗം ചേർന്നു. സൈബർ വിദഗ്ദരെയും ലോക്കൽ പൊലീസിനെയും സംഘത്തിൽ ഉള്‍പ്പെടുത്തും. 

ജയിലിലെ റെയ്ഡുകളുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത 23 കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക. പിടിച്ചെടുത്ത ഫോണുകള്‍ ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണ്. ഫോണ്‍ വിശദാംശങ്ങള്‍ മുഴുവൻ പരിശോധിച്ചശേഷം ഫോണ്‍വി ളിച്ചെന്നു സംശയിക്കുന്ന തടവുകാരെ കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്യും.
 

click me!