'ബിജെപിയുടെയോ ട്വന്‍റി 20യുടെയോ സ്ഥാനാര്‍ഥിയായി വരുന്നതില്‍ എനിക്ക് ഒരു ആശങ്കയുമില്ല, ലക്ഷ്യം വികസനം'; അഖില്‍ മാരാര്‍

Published : Feb 20, 2026, 01:59 PM IST
akhil marar

Synopsis

ട്വന്‍റി 20 രാഷ്ട്രീയ പ്രവേശനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് അഖില്‍ മാരാര്‍.

ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്വന്‍റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ട്വന്‍റി 20 രാഷ്ട്രീയ പ്രവേശനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് അഖില്‍ മാരാര്‍.

'ഞാനൊരു ഭയങ്കര കോൺഗ്രസ്സുകാരനല്ല'

ട്വന്‍റി 20 ജില്ലാ അടിസ്ഥാനത്തിൽ നിന്ന് സംസ്ഥാന വ്യാപകമായിട്ട് അവരുടെ ഒരു രാഷ്ട്രീയ മേഖല വ്യാപിപ്പിക്കാൻ തീരുമാനിച്ചത് അടുത്തിടെയാണ്. നേരത്തെ അവരത് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ അന്നേ ട്വന്‍റി 20യെ പിന്തുണക്കുമായിരുന്നു. ഞാന്‍ പിണറായി വിജയനെ കടന്നാക്രമിച്ച് സംസാരിക്കുന്ന സമയത്ത് സ്വാഭാവികമായിട്ടും അതിന്റെ ആദ്യത്തെ ഗുണഭോക്താക്കൾ മുഖ്യ പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് ആണ്. അപ്പോള്‍ പല ആൾക്കാരും എന്നെ ഭയങ്കര അടിസ്ഥാനപരമായ ഒരു കോൺഗ്രസ്സുകാരനാക്കി മാറ്റി, ഇപ്പോള്‍ അവരുടെ ഒരു പാർട്ടിയെ ചതിച്ച് പോയ ഒരാളെന്നുള്ള രീതിയിലൊക്കെ ഒരു വ്യാഖ്യാനം വരുന്നുണ്ട്. യഥാർത്ഥത്തിൽ അത് അങ്ങനെയല്ല.

ഞാൻ കഷ്ടപ്പെട്ട് ബിഗ് ബോസ് പോലത്തെ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് വിജയിച്ച് പുറത്തിറയപ്പോള്‍ എനിക്ക് വലിയൊരു സ്വീകാര്യത ലഭിച്ചു. അവിടെ ഞാൻ കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിനാല്‍ നേതാക്കന്മാർ എന്നെ പല പരിപാടികൾക്കും ക്ഷണിച്ചു. ചില സ്ഥലത്ത് ഞാൻ പൈസ വാങ്ങിയിട്ട് കൂടിയാണ് പോയത്. അങ്ങനെ കോൺഗ്രസുകാര്‍ ക്ഷണിച്ചതിന്റെ ഭാഗമായിട്ടാണ് ഞാൻ ഒരുപാട് വേദികളിൽ പങ്കെടുത്തത്. അവർക്ക് ഞാൻ പ്രിയപ്പെട്ടവനായി മാറിയെന്നതിനപ്പുറം ഞാനൊരു ഭയങ്കര കോൺഗ്രസ്സുകാരൻ ഒന്നുമല്ല. ഞാനൊരു ഭയങ്കര ഇടതുപക്ഷ വിരോധിയാണ്. അല്ലെങ്കിൽ ഒരു ഭയങ്കര കമ്മ്യൂണിസ്റ്റ് വിരോധിയാണ്. അല്ലെങ്കിൽ ഒരു പിണറായി വിരോധനാണ്.

കൊട്ടാരക്കരയിലെ കോണ്‍ഗ്രസിനെ നശിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്

2015-ൽ എന്നെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായിരുന്നു. 2015-ലെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും നമ്മുടെ പ്രദേശത്ത് വേറൊരാളെ മത്സരിപ്പിച്ചപ്പോള്‍ ഞാൻ സ്വതന്ത്രനായി മത്സരിക്കുകയുമായിരുന്നു. അവിടത്തെ പ്രാദേശിക നേതൃത്വത്തിന് പാർട്ടി നന്നാവുക, ജനങ്ങൾ നന്നാവുക എന്നതൊന്നുമല്ല ലക്ഷ്യം. ഈ നാട് നന്നാവണമെന്നോ ഇവിടുത്തെ ജനങ്ങൾക്ക് ഗുണമുണ്ടാവണമെന്നോ ഈ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായിട്ട് കഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് നീതി ലഭിക്കണമെന്നോ ഒന്നുമില്ല. കൊട്ടാരക്കര എന്ന് പറയുന്ന സ്ഥലത്ത് എത്രത്തോളം കോൺഗ്രസ് നശിച്ചുപോയി എന്ന് എനിക്ക് വളരെ വ്യക്തമായിട്ട് അറിയാം.

ആ പ്രദേശത്തുണ്ടായിരുന്ന സജീവമായി പ്രവർത്തിച്ച യൂത്ത് കോൺഗ്രസുകാരെയും പാർട്ടിയിലെ സജീവമായി നിന്നവരെയും എല്ലാവരെയും കൊടിക്കുന്നില്‍ സുരേഷും അദ്ദേഹത്തിന്റെ എംപി ഓഫീസും കൂടി ചേർന്ന് നശിപ്പിച്ച് നാമാവിശേഷമാക്കി. എംപിക്ക് മുകളിലേക്ക് വരാൻ സാധ്യതയുള്ള ഒരാൾ പോലും കൊട്ടാരക്കരയില്‍ വരാൻ പാടില്ല എന്ന ചിന്തയാണ് ഇവർക്കുള്ളത്. അതായത് അവിടെ ഒരു നല്ലൊരാൾ വന്നാൽ, ഒരു ജനകീയനായ ഒരു നേതാവ് വന്നാല്‍ കൊടുക്കുന്നില്‍ ഇടപെടും. കഴിഞ്ഞ തവണ പി സി വിഷ്ണുനാഥ് കൊട്ടാരക്കരയിൽ വരുന്നു എന്ന് പറഞ്ഞപ്പോഴത്തേക്കും ഇദ്ദേഹം ഇടപെട്ട് വെട്ടുകയായിരുന്നു. ഞാൻ കൊട്ടാരക്കര മത്സരിക്കത്തില്ല എന്ന് തീരുമാനിക്കുന്നതിന്‍റെ പ്രധാനപ്പെട്ട കാരണം കൊടിക്കുന്നിൽ സുരേഷ് ആണ്. കൊടിക്കുന്നിൽ സുരേഷ് എന്ന് പറയുന്ന വ്യക്തി ഒരു കാരണവശാലും എന്നെ അവിടെ അംഗീകരിക്കത്തില്ല എന്നുള്ളത് എനിക്ക് വളരെ വ്യക്തമായിട്ട് അറിയാം.

ലക്ഷ്യം വികസനം

ജാതിയും മതവും രാഷ്ട്രീയത്തില്‍ ചർച്ചയാക്കുന്നതിനോട് എനിക്ക് പൊതുവേ വലിയ യോജിപ്പില്ല. ഞാൻ ബിജെപിക്കെതിരെ വിമർശനം ഉന്നയിക്കുന്ന കാലത്ത് കുമ്മനം രാജശേഖരനായിരുന്നു ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് എന്നാണ് ഓര്‍മ്മ. രാജീവ് ചന്ദ്രശേഖര്‍ നയിക്കുമ്പോള്‍ ബിജെപി എവിടെയാണ് വർഗ്ഗീയത മുന്നോട്ട് വയ്ക്കുന്നത്? വികസനം അല്ലാതെ മറ്റെന്താണ് രാജീവ് ചന്ദ്രശേഖരിലൂടെ അവര്‍ പറയാൻ ആഗ്രഹിക്കുന്നത്? വികസനം മാത്രം മുന്നോട്ട് വെക്കുന്ന ട്വന്‍റി 20യാണ് ബിജെപിയുമായി ഇപ്പോള്‍ സഖ്യത്തിലായിരിക്കുന്നത്. വികസനം എന്ന ഒരൊറ്റ ചിന്ത മുൻനിർത്തി, ജാതിയും മതവും ഒന്നും ചർച്ച ചെയ്യാതെ ബിജെപി മുന്നോട്ട് വരുമ്പോൾ എനിക്ക് ആ മാര്‍ഗം സ്വീകരിക്കുന്നതിൽ എന്താ തടസ്സം? ഇനി തിരിച്ചൊന്ന് ചിന്തിക്കൂ, അപ്പുറത്ത് മതേതരത്വം പറഞ്ഞിട്ട് ജമാഅത്ത് ഇസ്ലാമിയെ കൂടെ നിർത്തുകയാണ് കോൺഗ്രസ്. അല്ലെങ്കിൽ നിശബ്ദമായിട്ടാണെന്നുണ്ടെങ്കിലും എസ്ഡിപിയുടെയും പോപ്പുലർ ഫ്രണ്ട്ന്‍റെയും പിന്തുണ സ്വീകരിക്കുകയാണ് കോൺഗ്രസ്.

'എന്നെ സംഘി എന്ന് വിളിച്ച് ആക്ഷേപിക്കുമായിരുന്നു'

ഒന്നര വർഷം മുമ്പ് അതിശക്തമായി ഞാൻ വിഡി സതീശനെ വിമർശിച്ച് ഒരു ഇന്റർവ്യൂവിൽ സംസാരിച്ചു. വിഡി സതീശനെ പോലൊരാൾ മുഖ്യമന്ത്രി ആവുന്നതിനെക്കാട്ടിലും ഭേദം പിണറായി തന്നെ തുടരുന്നതാണ് എന്ന അർത്ഥത്തിൽ കൂടിയാണ് ഞാൻ പങ്കുവെച്ചത്. വി ഡി സതീശന്‍ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ആളാണ്. ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിക്കുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പമോ രമേശ് ചെന്നിത്തലയോളമോ വരില്ല വി ഡി സതീശന്‍.

മോദി ഭരണത്തിൽ മുസ്ലിങ്ങൾ സുരക്ഷിതരല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് വിഡി സതീശനാണ്. അപ്പോള്‍ അത് ഒരു ഭിന്നിപ്പിന് കാരണമായിട്ട് മാറുകയല്ലേ നമ്മുടെ നാട്ടില്‍? അപ്പോള്‍ വികസനവും നാടിന്‍റെ മുന്നോട്ടുള്ള പോക്കും ആണോ ലക്ഷ്യം വെക്കുന്നത്, വോട്ട് ബാങ്ക് ആണോ ലക്ഷ്യം വെക്കുന്നത്? അത് ചോദിക്കണമല്ലോ. കോൺഗ്രസിനുള്ളിൽ ഞാൻ പോകണമെങ്കിൽ ഇത്തരം നിലപാടുകൾ എല്ലാം ഞാൻ ന്യായീകരിച്ചുകൊണ്ടേയിരിക്കണം. എനിക്കതിനൊരിക്കലും കഴിയില്ല. അതുകൊണ്ട് ഞാൻ സ്വയമെടുത്ത തീരുമാനമാണ് എന്റെ ആശയങ്ങൾക്ക്, എന്റെ ചിന്തകൾക്ക് ഒരുപക്ഷേ കോൺഗ്രസിനുള്ളിൽ പൂർണ്ണ അർത്ഥത്തിലുള്ള അംഗീകാരം കിട്ടില്ലായിരിക്കാം. കോൺഗ്രസിന്‍റെ പല നേതാക്കന്മാരും പലപ്പോഴായി എന്നെ സംഘി എന്ന് വിളിച്ച് ആക്ഷേപിക്കുകയോ അല്ലെങ്കിൽ എന്നെ വിളിക്കുന്ന പരിപാടികളിൽ അവർ തന്നെ നേതാക്കന്മാരെ വിളിച്ചിട്ട് അവൻ സംഘിയാണെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യും.

'വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അയച്ച മെസേജുകള്‍ കാണിക്കാന്‍ ഒരുക്കമാണ്'

തെരഞ്ഞെടുപ്പിൽ ഒരാൾ മത്സരിക്കുന്നത് അയാൾക്ക് വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയിട്ടാണോ തനിക്ക് കിട്ടുന്ന സ്ഥാനം ജനങ്ങൾക്ക് വേണ്ടി പരമാവധി വിനിയോഗിക്കാൻ വേണ്ടിയിട്ടാണോ എന്നുള്ളതാണ് ഒരാൾ ചിന്തിക്കേണ്ടത്. ഞാൻ നിലവിൽ അത്യാവശ്യം പൈസയും മേടിച്ച് എന്റെ ജീവിതം വളരെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. എന്റെ ലക്ഷ്യം ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്നുള്ളതാണ്. അല്ലാതെ ഈ സീറ്റ് കിട്ടിക്കഴിഞ്ഞിട്ട് ഞാൻ എന്ത് ചെയ്യാനാണ്? എനിക്ക് അത്യാവശ്യം പൈസ കിട്ടുന്നുണ്ട്. ഞാൻ ഒരുപക്ഷേ ഇപ്പോൾ ഉപയോഗിച്ചുകൊണ്ട് ഇരിക്കുന്ന എല്ലാം ലക്ഷ്വറി പ്രോഡക്റ്റുകളാണ്. 

ഞാൻ കോൺഗ്രസിൽ ഒരുപക്ഷേ എനിക്ക് അവർ സീറ്റ് നൽകിയാൽ പോലും ഞാൻ ഒരിക്കലും കൊട്ടാരക്കര ആവശ്യപ്പെടില്ലായിരുന്നു. കോൺഗ്രസിനോട് ഞാൻ പറഞ്ഞത് നേമം പോലൊരു സ്ഥലത്ത് മത്സരിക്കാൻ ഞാൻ തയ്യാറാണെന്നാണ്. ഞാൻ വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അയച്ച മെസേജുകള്‍ കാണിക്കാന്‍ ഒരുക്കമാണ്. തോൽക്കുമെന്ന് വിശ്വാസമുള്ള മണ്ഡലത്തിൽ പോലും നിങ്ങൾ എന്നെ പരിഗണിച്ചോളൂ എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. അല്ലാതെ എനിക്ക് ജയസാധ്യതയുള്ള സീറ്റ് വേണമെന്നോ എനിക്ക് എംഎൽഎ ആവണമെന്നോ ഞാൻ ചിന്തിച്ചില്ല. എനിക്ക് ചലഞ്ചസ് ഏറ്റെടുക്കാൻ ഇഷ്ടമാണ്.

ബിജെപി സ്ഥാനാര്‍ഥി ആയിട്ടോ ട്വന്‍റി 20യുടെ സ്ഥാനാര്‍ഥി ആയിട്ടോ വരുമ്പോൾ എനിക്ക് ഒരു ടെൻഷനുമില്ല. അവിടെ നശിച്ച് നാമാവിശേഷമായിട്ട് ജീവിതം നശിച്ച് കിടക്കുന്ന ധാരാളം കോൺഗ്രസുകാരുണ്ട്. ആ കോൺഗ്രസ്സുകാർക്ക് ഞാനൊരു പ്രതീക്ഷയാണ്. അവരെ രക്ഷിക്കാനോ അവർക്ക് വേണ്ടി സംസാരിക്കാനോ അവിടെ ഒരാളുമില്ല. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറച്ച് ആൾക്കാർ മാത്രമായിട്ട് മാറി കോട്ടാരക്കരയിലെ നേതൃത്വം.

തെരഞ്ഞെടുപ്പില്‍ ഞാന്‍ ഉണ്ടാകും! 

തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കും. ഏത് മണ്ഡലം ആണെന്നുള്ള കാര്യം അറിയില്ലെങ്കിലും ഞാൻ എവിടെയെങ്കിലും ഉണ്ടാകും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്, അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍