പിഎസ്‍സി നിയമന തട്ടിപ്പ് ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ കൈമാറുമെന്നും, പൊതുസമൂഹത്തിൽ കമ്മീഷന്റെ വിശ്വാസ്യത നിലനിർത്താനാണ് ഈ തീരുമാനമെന്നും പിഎസ്‍സി വ്യക്തമാക്കി.

തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന രേഖകൾ കൈമാറും. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും പിഎസ്‍സി തീരുമാനിച്ചു. കമ്മീഷൻ യോഗമാണ് സഹകരണത്തിൽ തീരുമാനം എടുത്തത്. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യമാക്കേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിലയിരുത്തുന്നു. അന്വേഷണത്തിന് ആവശ്യകതയുള്ളതും അഭിലഷണീയവുമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകൾ നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുന്നതാണെന്നും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളും വിശ്വാസപൂർവ്വം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. കേരളീയ സമൂഹത്തിൽ അങ്ങേയറ്റം സ്വാധീനം ചെലുത്തുന്നതും തൊഴിലന്വേഷകരായ യുവജനങ്ങൾ പ്രതീക്ഷയോടെ കാണുന്നതുമായ രാജ്യത്തെ തന്നെ മുൻനിര സ്ഥാപനമാണിത്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിലായി കമ്മീഷൻ കാണുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉൾക്കൊള്ളുന്നു. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചും തൊഴിലന്വേഷകരുടെ ഉത്തമതാൽപ്പര്യങ്ങൾ നിയമാനുസൃതം സംരക്ഷിച്ചും കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടർന്നും പ്രവർത്തിക്കുന്നതാണെന്നും അറിയിച്ചു.