
തിരുവനന്തപുരം: സർവ്വേ ഡയറക്ടർ പ്രേം കുമാറിനെ സ്ഥലംമാറ്റിയതിന് എതിരെ ഐഎഎസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ചട്ടങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ പാടില്ലെന്നാണ് ഐഎഎസ് അസോസിയേഷന്‍റെ ആവശ്യം. രണ്ട് വർഷമെങ്കിലും കഴിയാതെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റരുത്. സ്ഥലം മാറ്റുകയാണെങ്കിൽ ചട്ടങ്ങൾ പാലിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സർവ്വേ ഡയറക്ടർ പ്രേം കുമാറിനെ സ്ഥലംമാറ്റിയ മന്ത്രിസഭ യോഗ തീരുമാനം റദ്ദാക്കിയേക്കുമെന്നാണ് വിവരം. പ്രേം കുമാറിനെ സ്ഥലമാറ്റിയ തീരുമാനിത്തിനെതിരെ റവന്യൂ സെക്രട്ടറി ഡോ.വി വേണു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. ഇതേ തുടർന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു.
അവധിയിലായിരുന്ന പ്രേംകുമാര്‍ തിരിച്ചെത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ മാസം 14ന് അവധിയിൽ പോയ പ്രേം കുമാർ 26ന് തിരിച്ചെത്തിയിരുന്നു. പക്ഷെ കഴിഞ്ഞ മന്ത്രിസഭായോഗമാണ് പ്രേം കുമാറിനെ മാറ്റാൻ തീരുമാനിച്ചത്. പ്രതിഷേധത്തെ തുടർന്ന് പ്രേം കുമാറിനെ സ്ഥലമാറ്റിയ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സ്ഥലമാറ്റം റദ്ദാക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് സൂചന.