കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വൈരുധ്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി മുൻപൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‍. അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഒരുപകൽ മുഴുവൻ മാധ്യമങ്ങളിൽ നിന്ന് മാറി നടന്ന ഇബ്രാഹിംകുഞ്ഞ് ഇന്നു രാവിലെയാണ് വിശദീകരണവുമായി എത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മുൻമന്ത്രിയുടെ മറുപടിയിലുണ്ടായ വൈരുദ്ധ്യങ്ങൾ തന്നെയാണ് വിജിലൻസ് സംഘത്തിന്‍റെയും പിടിവളളി.
'ബജറ്റില്‍ വരാത്ത എല്ലാ വര്‍ക്കുകള്‍ക്കും മൊബിലൈസേഷന്‍ അഡ്വാന്‍സുണ്ട്. അതിപ്പോഴും കൊടുക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരും കൊടുത്തിട്ടുണ്ട്...' പാലാരിവട്ടം പാലം കരാറുകാർക്ക് വഴി വിട്ട് എട്ടുകോടി കൊടുത്തതിനെക്കുറിച്ച് മുൻ പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്. എന്നാൽ കരാറില്‍ ഇല്ലാത്ത ഈ തീരുമാനത്തിന് പിന്നിൽ ഗൂഡാലോചനയും അധികാരദുർവിനിയോഗവുമുണ്ടെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് ഇതു സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചിട്ടുമുണ്ട്.
റിമാൻഡിലുള്ള ഉദ്യോഗസ്ഥൻ ജാമ്യാപേക്ഷയിൽ പറയുന്നതിന് മന്ത്രിയായ ഞാൻ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ ഇബ്രാഹിംകുഞ്ഞ്, മുൻകൂർ പണം നൽകിയതിൽ ചട്ടലംഘനമൊന്നുമില്ലെന്നാണ് അവകാശപ്പെടുന്നത്. മൊബിലൈസേഷൻ അഡ്വാൻസ് അഥവാ പാലം പണിയ്ക്കുള്ള ഫണ്ട് ശേഖരിക്കാനടക്കമുള്ള മുൻകൂർ പണം നൽകുന്ന കീഴ്‍വഴക്കം കഴിഞ്ഞ എല്ലാ സർക്കാരുകളും തുടർന്ന് വരുന്നതാണ്. ഈ സർക്കാരും അത് ചെയ്യുന്നുണ്ട്. ബജറ്റിതര പ്രോജക്ടുകൾക്കെല്ലാം ഇത്തരത്തിൽ പണം നൽകാറുണ്ട്. ബജറ്റിൽ തുക വകയിരുത്താത്ത എല്ലാ പദ്ധതികൾക്കും ഇത്തരത്തിൽ പണം നൽകാൻ കഴിയും.
എന്നാല്‍ മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കാമെന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു കുഞ്ഞിന്‍റെ മറുപടി. ''എഞ്ചിനീയറിംഗ് പ്രൊക്യൂർമെന്‍റ് കോൺട്രാക്ടായിരുന്നു ഇത്. കെഎസ്‍ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകൾക്കും ഇത്തരത്തിൽ അഡ്വാൻസ് നൽകാം. താഴെ നിന്ന് വന്ന ഫയൽ ഞാൻ കണ്ട് തീരുമാനമെടുത്തതാണ്. അത് ഒരു മന്ത്രിയുടെ അവകാശമാണ്''.
''മന്ത്രിസഭാ യോഗത്തിലേക്ക് ഈ ഫയല്‍ പോയിട്ടില്ല. താഴെ നിന്നും ശുപാര്‍ശ ചെയ്തു വന്ന ഫയല്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ. അതിനനുസരിച്ചുള്ള നടപടിയാണ് എടുത്തത്. അതൊരു മന്ത്രിയുടെ അവകാശവും നയവുമാണ്'' - താഴേത്തട്ടിൽ നിന്നെത്തിയ ഫയലിൽ ഒന്നുമറിയാതെ ഒപ്പിട്ടതേയുളളുവെന്ന ഇബ്രാഹിംകുഞ്ഞിന്‍റെ നിലപാട് ഉത്തരവാദിത്വത്തിൽ നിന്നുളള ഒളിച്ചോട്ടമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.
അതായത് മുൻകൂർ പണം നൽകിയും തിരിച്ചടവ് പത്തുശതമാനമാക്കിയതും കരാറുകാരെ സഹായിച്ചതുമെല്ലാം പ്രത്യേക പദ്ധതി എന്ന നിലയിൽ സർക്കാർ നയത്തിന്‍റെ ഭാഗമാണെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാൽ മുൻമന്ത്രി പറയുന്ന ഈ സർക്കാർ നയം ക്യാബിനറ്റ് അറിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം നിർമിക്കാനുളള മന്ത്രി സഭയുടെ തീരുമാനം മറയാക്കിയാണ് പിന്നീട് മന്ത്രിയെടുത്ത ഉത്തരവുകളും സർക്കാർ നയം എന്നു വ്യാഖ്യാനിക്കുന്നത്.
മുൻകൂറായി കിട്ടിയ എട്ടുകോടിയിൽ നാലുകോടി രൂപ ഗൂഡാലോചനയിൽ പങ്കെടുത്തവർ വീതിച്ചെടുത്തു എന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്‍റെ നിഗമനം. മന്ത്രിയായിരുന്ന കാലഘട്ടത്തിലെ ഇബ്രാഹിംകുഞ്ഞിന്‍റെ വരവ് ചെലവു കണക്കുകളും വിജിലൻസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam