
ഇടുക്കി: പ്രളയ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം (idukki dam) തുറന്നു. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളാണ് 35 സെന്‍റിമീറ്റർ വീതം ഉയർത്തിയത്. മണിക്കൂറുകൾ നീണ്ട മുന്നൊരുക്കങ്ങൾക്ക് ഒടുവിൽ രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്‍റെ ആദ്യ ഷട്ടര്‍ തുറന്നത്. പന്ത്രണ്ട് മണിയോടെ നാലാം നമ്പർ ഷട്ടറും തുറന്നു. ഇതോടെ നീരൊഴുക്ക് സെക്കന്‍റില്‍ 70,000 ലിറ്ററായി. അരമണിക്കൂർ കഴിഞ്ഞ് പന്ത്രണ്ടരയോടെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2403 അടിയാണ് ഡാമിന്‍റെ സംഭരണ ശേഷിയെങ്കിലം 2018 നല്‍കിയ പ്രളയാനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് 2398 ലെത്തിയപ്പോൾ തന്നെ ഷട്ടറുകൾ തുറന്നത്. സസെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റർ എന്ന കണക്കിൽ പുറത്തേക്ക് ഒഴുകുന്ന ജലം പെരിയാറിന്‍റെ കരകളെ ബാധിച്ചിട്ടില്ല.
2018 ൽ ഡാം തുറന്നപ്പോൾ ചെറുതോണി പട്ടണം കണ്ടതുപോലുളള ഭീതിതമായ കാഴ്ചകളായിരുന്നില്ല ഇന്നത്തേത്. ആദ്യ ഷട്ടർ തുറന്ന് 25 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ചെറുതോണിയിൽ വെള്ളമെത്തിയത്. പാലത്തിനടിയിലൂടെ ഇരുകരകൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വെള്ളം മുന്നോട്ട് നീങ്ങി. രണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തിയിട്ടും ജലവിതാനം ഉയർന്നതല്ലാതെ നാശനഷ്ടങ്ങൾ ഒന്നുമുണ്ടാക്കിയില്ല. ചെറുതോണി – കട്ടപ്പന റോഡിലെ പാലത്തിൽ ഗതാഗതം പോലും നിർത്തി വയ്ക്കേണ്ട സാഹചര്യം ഉണ്ടായില്ല. അടുത്ത ദിവസങ്ങളിൽ മഴ കനത്താലും ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നാളെ രാവിലെ മുതൽ മൂലമറ്റം പവർ ഹൌസിലെ ആറാം നമ്പർ ജനറേറ്റർ കൂടി അറ്റകുറ്റപ്പണികൾ കഴിഞ്ഞ് പ്രവർത്തന ക്ഷമമാകും. ഇതുവഴി മൂലമറ്റത്തെ വൈദ്യുതി ഉൽപ്പാദനം പരമാവധി ആക്കാനാണ് തീരുമാനം. ഡാമിന്‍റെ ഷട്ടറുകൾ എന്ന് അടക്കണമെന്നത് അടുത്ത ദിവസങ്ങളിലെ മഴയുടെ അളവുകൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുക. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam