ഗൃഹശ്രീ ഫണ്ടിൽ നിന്ന് പണം തട്ടാൻ വൻ ഗൂഢാലോചന; വ്യാജ ഉത്തരവുണ്ടാക്കി ലക്ഷങ്ങൾ കൈക്കലാക്കാൻ ശ്രമം

By Web TeamFirst Published Oct 19, 2021, 9:07 AM IST
Highlights

സർക്കാർ ഇ-മെയിലിനു സമാനമായി ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ഉത്തരവെത്തിയത്. തടഞ്ഞുവച്ചിരിക്കുന്ന പണം അനുവദിക്കാമെന്ന് ബോ‍ർഡ് ആസ്ഥാനത്തുനിന്നും ഉത്തരവ് നൽകിയ ശേഷമാണ് വ്യാജ ഉത്തരവിനെ കുറിച്ച് ബോ‍ർഡ് ആസ്ഥാനത്തെ ഉന്നതർപോലും അറിയുന്നത്.

തിരുവനന്തപുരം: സർക്കാരിൻ്റെ വ്യാജ ഉത്തരവുണ്ടാക്കി (Fake order) ഭവനനിർമ്മാണ ബോർഡിൽ (housing Board) ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമം. പാവങ്ങൾക്ക് വീടു വെക്കാനുള്ള ഗൃഹശ്രീ (grihasree) പദ്ധതിയുടെ തടഞ്ഞുവച്ച പണം അനുവദിക്കാനാണ് വ്യാജ ഉത്തരവ് ഉണ്ടാക്കിയത്. സർക്കാരിനെ ഞെട്ടിച്ച വ്യാജ ഉത്തരവിന് പിന്നിൽ ആരാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

ഒരു മാസം മുമ്പ് ഭവനനിർമ്മാണ ബോർ‍ഡിൻെറ ജില്ലാ ഓഫീസുകളിൽ ഇ മെയിലായി വന്ന ഒരു ഉത്തരവ് ഇങ്ങനെ - "ഗൃഹശ്രീ പദ്ധതിയുടെ കീഴിൽ നിർമ്മിച്ചിട്ടുള്ള 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ തുടർ ഗഡുക്കൾ നൽകി ഉത്തരവാകുന്നു ". ഭവനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള ഉത്തരവിലെ തിയ്യതി 12-7-2021. ഇതനുസരിച്ച് പണം നൽകാനുളള്ള നടപടിയും തുടങ്ങി. പക്ഷെ ഈ സർക്കാർ ഉത്തരവ് വ്യാജമായിരുന്നു.

ബിപിഎൽ വിഭാഗത്തിലുള്ള ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ ബോർഡിൻ്റെ പദ്ധതിയാണ് ഗൃഹശ്രീ. ഗുണഭോക്താവ് രണ്ട് ലക്ഷം രൂപ ബോ‍ർഡിൽ അടച്ചാണ് ഈ പദ്ധതിക്ക് അനുമതി വാങ്ങേണ്ടത്. രണ്ട് ലക്ഷത്തിൽ ഒരു ലക്ഷം ഗുണഭോക്താവും ഒരു ലക്ഷം ഗുണഭോക്താവിന് വേണ്ടി ഒരു സ്പോണ്‍സറും അടയ്ക്കണമെന്നാണ് നിബന്ധന. കെട്ടിടത്തിൻ്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് അടച്ച പണത്തിന് പുറമേ രണ്ടു ലക്ഷം രൂപ ബോ‍ർഡ് സബ്സിഡി നൽകും. 83 ച.മീറ്റർ വരെയുള്ള കെട്ടിടത്തിനാണ് ഗൃഹശ്രീ പദ്ധതയിൽ അനുമതി. അതിനു മുകളിൽ വിസ്തീർണ്ണത്തിൽ വീട് നിർമ്മിച്ചാൽ ഗഡുക്കൾ നൽകിയില്ല. 

കെട്ടിടത്തിൻ്റെ നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും പരിശോധിച്ച് പണം നൽകണമെന്നാണ് ചട്ടം. പക്ഷെ കാലാകാലങ്ങളായി ജില്ലാ ഓഫീസുകളിലെ എഞ്ചിനീയർമാർ പലപ്പോഴും അതു ചെയ്യാറുണ്ടായിരുന്നില്ല. അടുത്തിടെ ബോർഡിൽ പുതുതായെത്തിയ എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ 83 ച.മീറ്ററിന് മുകളിൽ തറവിസ്തീർണ്ണമുള്ള 100 ലേറെ കെട്ടിടങ്ങള്‍ കണ്ടെത്തി. കൂടുതലും മലബാർ മേഖലയിൽ. ഇതോടെ ക്രമക്കേട് കണ്ടെത്തിയ കെട്ടിടങ്ങൾക്കുള്ള സഹായം ബോർഡ് നിർത്തിവെച്ചു. ഇതിന് പിന്നാലെയാണ് 83 ച.മീറ്റർ നിബന്ധന 100 ആക്കിയുള്ള വ്യാജ ഉത്തരവ് വരുന്നത്.

സർക്കാർ ഇ-മെയിലിനു സമാനമായി ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ഉത്തരവെത്തിയത്. ഇതനുസരിച്ച് ജില്ലാ ഓഫീസർമാർ തടഞ്ഞുവച്ചിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പണം നൽകാനായി ബോർഡ് ആസ്ഥാനത്തുനിന്നും അനുമതി തേടി. തടഞ്ഞുവച്ചിരിക്കുന്ന പണം അനുവദിക്കാമെന്ന് ബോ‍ർഡ് ആസ്ഥാനത്തുനിന്നും ഉത്തരവ് നൽകിയ ശേഷമാണ് വ്യാജ ഉത്തരവിനെ കുറിച്ച് ബോ‍ർഡ് ആസ്ഥാനത്തെ ഉന്നതർപോലും അറിയുന്നത്. സെക്രട്ടറിയേററിൽ നിന്നും ഇത്തരമൊരു ഉത്തരവിറങ്ങിയിട്ടില്ലെന്ന് വ്യക്തമായതോടെ പണം നൽകരുതെന്ന് ബോ‍ർഡ് ആസ്ഥനത്തുനിന്നും നിർദ്ദേശം നൽകി. പൊലീസിൽ പരാതിയും നൽകി.

ക്രമവിരുദ്ധമായി ഉണ്ടാക്കിയ കെട്ടിടങ്ങൾക്ക് പിൻവാതിലിലൂടെ പണം നേടിയെടുക്കാൻ സർക്കാർ ഉത്തരവ് വ്യാജമായുണ്ടാക്കിയതിന് പിന്നിൽ ഉന്നതർ തന്നെയുണ്ടെന്ന് ഉറപ്പാണ്. വ്യാജ ഉത്തരവിൻ്റെ പേരിൽ സർക്കാരിനെ പറ്റിച്ച് കാശടിക്കാൻ ശ്രമിച്ചവരെ ഉടൻ പിടികൂടണം. 

click me!