കൂടുതൽ മക്കളുള്ള കുടുംബത്തിന് സ്കോളർഷിപ്പുമായി ഇടുക്കി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ

By Web TeamFirst Published Jul 27, 2021, 7:15 PM IST
Highlights

മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസ് നൽകിയാൽ മതി. നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് സൗജന്യ പഠനവും നല്‍കും. ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയുടേതാണ് സ്ക്കൂൾ.

ഇടുക്കി: കൂടുതൽ മക്കളുള്ള കുടുംബത്തിന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ്പുമായി ഇടുക്കി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ. മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസ് നൽകിയാൽ മതി. നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് സൗജന്യ പഠനവും നല്‍കും. ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയുടേതാണ് സ്ക്കൂൾ. സ്ക്കൂൾ മാനേജ്മെൻറാണ് തീരുമാനം പ്രഖ്യാപിച്ചത്. പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് തീരുമാനമെന്നും ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുമെന്നും മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ അറിയിച്ചു.

അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്നാണ് സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പാലാ രൂപത ഇന്നലെ പ്രഖ്യാപിച്ചത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കും.

Also Read: 'അഞ്ചിൽ കൂടുതൽ കുട്ടികളെങ്കിൽ ധനസഹായം', തീരുമാനത്തിൽ ഉറച്ച് പാലാ രൂപതാ മെത്രാൻ

ഇടവകക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു ഓണ്‍ലൈൻ യോഗത്തിലാണ് രൂപതാ മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രഖ്യാപനം.  പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് പാലാ രൂപതയ്ക്ക് നേരെ ഉയരുന്നത്.

Also Read: നാലില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍; വ്യാപക വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി പാലാ രൂപത

click me!