2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. കുടുംബത്തില്‍ നാലാമത്തെയും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നല്‍കും. നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമാണ് പാലാ രൂപതയുടേതായുള്ള പോസ്റ്ററിലെ പ്രഖ്യാപനം

കോട്ടയം: രാജ്യമൊട്ടാകെ ജനസംഖ്യാ നിയന്ത്രണത്തിന്‍റെ വിവിധ സാധ്യതകളേക്കുറിച്ച് ചര്‍ച്ചയാവുന്നതിനിടെ നാലോ അതിലധികമോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ധനസഹായമടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പാലാ രൂപതയുടെ പേരില്‍ പോസ്റ്റര്‍. ജീവന്‍റെ മഹത്വത്തേക്കുറിച്ച് നിരന്തരമായി ചര്‍ച്ച ചെയ്യുന്ന കത്തോലിക്കാ സഭയുടെ പ്രോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തിന് ശേഷം വിവാഹിതരായവരില്‍ അഞ്ച് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പ്രതിമാസ ധനസഹായം അടക്കമാണ് പ്രഖ്യാപനം. പ്രതിമാസം ധനസഹായം, സ്‌കോളര്‍ഷിപ്പ്, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ആനുകൂല്യമായി ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ചിത്രമുള്‍പ്പെടെയുള്ള പോസ്റ്റര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശക്തമായ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന പോസ്റ്ററിനെ പാലാ രൂപതയുടെ പിആര്‍ഒയും വികാരി ജനറാളുമായ ഫാദര്‍ ജോസഫ് തടത്തില്‍ തള്ളി. പാലാരൂപത നിലവില്‍ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. അന്തിമമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ലെന്നും ഫാദര്‍ ജോസഫ് തടത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായി നടക്കുന്ന പോസ്റ്റിനേക്കുറിച്ചും അതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും എടുക്കാത്ത ഒരു തീരുമാനത്തേക്കുറിച്ചുള്ളതാണ്. അതിനാല്‍ തന്നെ അതിനോട് പ്രതികരിക്കുന്നില്ല. അത്തരത്തിലുള്ള ഏതെങ്കിലും തീരുമാനമുണ്ടായാല്‍ രൂപത ഔദ്യോഗികമായി അത് അറിയിക്കുമെന്നും പാലാ രൂപത പിആര്‍ഒ ഫാദര്‍ ജോസഫ് തടത്തില്‍ വ്യക്തമാക്കി. എന്നാല്‍ പാല രൂപതയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ വന്നത്. നിലവില്‍ ഈ പോസ്റ്റര്‍ പേജില്‍ ലഭ്യമല്ല

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നത് നല്ല കാര്യമാണെന്നും ദമ്പതികളോട് നിര്‍ബന്ധമായി നാലില്‍ അധികം കുട്ടികള്‍ ഉണ്ടാവണമെന്ന നിര്‍ദ്ദേശവുമല്ല ഇതിലൂടെ നല്‍കുന്നതെന്നാണ് സത്യദീപമടക്കമുള്ള കത്തോലിക്കാ സഭ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്ന ഫാദര്‍ പോള്‍ മാടശ്ശേരി പറയുന്നു. ജീവന്‍ ദൈവത്തിന്‍റെ ദാനമാണ്. ദൈവം ദാനമായി തരുന്ന ജീവനെ നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതിനൊപ്പം ഉത്തരവാദിത്തതോട് കൂടിയ രക്ഷാകർതൃത്വവുമാണ് പ്രോലൈഫ് മുന്നോട്ട് വയ്ക്കുന്ന ആശയം. ഈ ഉദ്ദേശത്തോടെയുള്ളതാണ് പാലരൂപതയുടെ നിലവിലെ പ്രഖ്യാപനമെന്നും പോള്‍ മാടശ്ശേരി പറയുന്നു. ഉത്തരവാദിത്തത്തോട് കൂടി എത്ര മക്കളെ വളര്‍ത്താന്‍ കഴിയുമോ അത്രയും മക്കളെ വളര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സഭയുടെ നിലപാട്. മൂന്നില്‍ അധികം കുട്ടികള്‍ കുടുംബങ്ങളില്‍ ഉണ്ടാവുന്നതിന് പല രൂപതകളും പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ടെന്നു ഫാദര്‍ പോള്‍ മാടശ്ശേരി വിശദമാക്കുന്നു. പഠനസഹായം അടക്കമുള്ള പല കാര്യങ്ങളും പല രൂപതകളും ചെയ്യുന്നുണ്ട്. 

ചൈനയില്‍ ജനസംഖ്യ പെരുകിയ സമയത്ത് ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചു. ഇതിന് ശേഷം യുവ തലമുറയുടെ എണ്ണം ചുരുങ്ങിയപ്പോള്‍ ഈ നയത്തില്‍ നിന്ന് ചൈന പിന്നോട്ട് പോയി. അതാത് കാലങ്ങളില്‍ ഭരണകൂടം ജനസംഖ്യാ നിയന്ത്രണത്തിനായി പല നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ കത്തോലിക്കാ സഭ കുടുംബാധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ പഠനങ്ങളില്‍ മാറ്റം വരുത്താനും സാധ്യമല്ല. ഭരണകൂടത്തിന്‍റെ നിലപാട് ചിലപ്പോള്‍ സഭാ നിലപാടിന് ഗുണകരമാകാം ദോഷകരമാകാം. കൃത്രിമ നിരോധനമാര്‍ഗങ്ങള്‍ക്കും സഭ എതിരാണ്. സ്വാഭാവികമായുള്ള ഗര്‍ഭ നിരോധനമാര്‍ഗങ്ങളാണ് സഭ പഠിപ്പിക്കുന്നതെന്നും പോള്‍ മാടശ്ശേരി പറയുന്നു. നിയന്ത്രണാതീതമായ ജനസംഖ്യാ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയത്ത് അത് നിയന്ത്രിക്കാനുള്ള നടപടികള്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കാറുണ്ട്. അത്തരം നടപടികളെ വെല്ലുവിളിച്ചുകൊണ്ടുള്ളതല്ല ഈ നടപടിയെന്നും ഫാദര്‍ പോള്‍ മാടശ്ശേരി വ്യക്തമാക്കുന്നു. ഇന്നത്തെ കാലത്ത് നാലില്‍ അധികം കുട്ടികളുള്ള കുടുംബങ്ങള്‍ ഇന്ന് സഭയില്‍ വളരെ ചുരുക്കമാണെന്നും പോള്‍ മാടശ്ശേരി കൂട്ടിച്ചേര്‍ത്തു. 

വിശുദ്ധ യൌസേപ്പ് പിതാവിന്‍റെ വര്‍ഷമായും ആഗോള കുടുംബ വര്‍ഷമായും കത്തോലിക്കാ സഭാ ആചരിക്കുന്ന വര്‍ഷമാണ് ഇത്. ഈ പശ്ചാത്തലത്തിലാവാം പാലാ രൂപതയുടെ താരുമാനമെന്ന് കെസിബിസിയുടെ പ്രോലൈഫ് പ്രസിഡന്‍റ് സാബു പ്രതികരിക്കുന്നു. നാല് മക്കളില്‍ അധികം ഉണ്ടാകണമെന്ന് ഈ പ്രോല്‍സാഹനം മൂലം ഉണ്ടാവുമെന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. സാറാസ് പോലുള്ള സിനിമകള്‍ വരുന്ന പശ്ചാത്തലത്തില്‍ പാലാ രൂപതയുടെ ഈ പ്രഖ്യാപനം ഏറെ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എല്ലാക്കാലത്തും കുടുംബങ്ങളോട് ചേര്‍ന്നുള്ളതാണ് സഭയുടെ ദര്‍ശനമെന്നും സാബു വിശദമാക്കുന്നു. 

ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി കടുത്ത നടപടികളിലേക്ക് തിരിയുമ്പോള്‍ പാലാ രൂപതയുടെ ഈ പോസ്റ്റര്‍ വ്യാപകമായ വിമര്‍ശനമാണ് നേരിടുന്നത്. കുട്ടികളുടേയും കുടുംബത്തിന്‍റേയും കാര്യത്തില്‍ സഭയുടെ കൈകടത്തല്‍ വലിയ രീതിയിലുള്ള ജനസംഖ്യാ വിസ്ഫോടനത്തിനുള്ള സാധ്യതകള്‍ ഉയര്‍ത്തുന്നതാണെന്നാണ് വ്യാപക വിമര്‍ശനം. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ വാഗ്ദാനം. ഇതിന് പുറമെ കുടുംബത്തില്‍ നാലാമത്തെയും പിന്നീടും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നല്‍കുമെന്നും നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമാണ് പാലാ രൂപതയുടെ പേരിലുള്ള പ്രോലൈഫ് പോസ്റ്ററില്‍ വിശദമാക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona