
ആലപ്പുഴ: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ (സിഎച്ച്സി) വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ്സ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.
"ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും 'കറന്‍റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതുവരെ കാത്തിരിക്കാം' എന്ന് പറയുമായിരുന്നോ?" എന്ന് ശോഭ സുരേന്ദ്രൻ ആരോഗ്യ മന്ത്രിയോട് ചോദിച്ചു. 2026ലും ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ പോലും ഇല്ലാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ, ഈ ഗുരുതരമായ വീഴ്ച ഏറ്റുപറയുന്നതിന് പകരം പരിമിതമായ സാഹചര്യത്തിലും പരമാവധി ശ്രമിച്ച ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചതെന്ന് അവർ ആരോപിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നല്ല, മറിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് അധികൃതർ പരാജയപ്പെട്ടത്.
ഇത് വെറുമൊരു അരമണിക്കൂറിലെ വൈദ്യുതി തടസത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും, സ്വന്തം ആശുപത്രികളിൽ അടിസ്ഥാന ബാക്കപ്പ് വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യ സംവിധാനത്തിന്റെ ദയനീയ യാഥാർത്ഥ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അടുത്ത അഞ്ച് വർഷം കേരളത്തിന്റെ ആരോഗ്യരംഗം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ ജനങ്ങൾക്ക് വ്യക്തമായ മറുപടി വേണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നമ്മുടെ ഡോക്ടർമാർ അർഹിക്കുന്ന പിന്തുണ നൽകണമെന്നും രോഗികൾക്ക് മാന്യമായ ചികിത്സ ലഭ്യമാക്കണമെന്നും പറഞ്ഞാണ് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam