ചലച്ചിത്രമേള പ്രതിസന്ധിയിൽ; ഓണ്‍ലൈൻ പ്രദർശനത്തിനില്ലെന്ന് വിദേശ സിനിമകള്‍

By Web TeamFirst Published Nov 16, 2020, 3:42 PM IST
Highlights

ഓണ്‍ലൈൻ വഴിയുള്ള പ്രദർശനത്തിന് ശേഷം സിനിമകളുടെ പകർപ്പുകള്‍ ചോരാനുള്ള സാധ്യതയാണ് ഇവർ ഉന്നയിക്കുന്നത്. ഗോവൻ ചലച്ചിത്രമേള ഓണ്‍ലൈൻ വഴി ആലോചിച്ചിരുന്നുവെങ്കിലും വിദേശ സിനിമകള്‍ ഓണ്‍ലൈൻ പ്രദർശനം എതിർത്തതോടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള ഓണ്‍ലൈൻ വഴി നടത്താനുള്ള തീരുമാനവും പ്രതിസന്ധിയിൽ. വിദേശ സിനിമകള്‍ ഓണ്‍ലൈൻ വഴിയുള്ള പ്രദർശനത്തിന് വിമുഖത കാണിക്കുന്നതോടെയാണ് ഓണ്‍ പ്രദർശനം പ്രതിസന്ധിയിലാകുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർമാസത്തിലാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലാണ് ഫെബ്രുവരിയിൽ ഓണ്‍ലൈൻ ചലച്ചിത്രമേള സംഘടിപ്പിക്കാനുള്ള ആലോചനയുണ്ടായത്. 

ഫ്രെബ്രുവരിയിലേക്ക് മേളമാറ്റാൻ ഐഎഫ്എഫ്കെ അംഗമായി അന്താരാഷ്ട്ര സംഘടനയായ ഫിയാഫിൻ്റെ അനുമതിയും ലഭിച്ചു. ഇതിനുശേഷം പ്രദർശനത്തിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടരുകയാണ്. സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സമിതിക്കു മുന്നിൽ ലോക-മത്സര സിനിമ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമകളുടെ ലിങ്കുകള്‍ സിനിമയുടെ അണിയറ പ്രവർത്തകരും ഏജൻ്റുമാരും നൽകുന്നുണ്ട്. പക്ഷേ മേളയ്ക്ക് രജിസ്ട്രേഷനെടുക്കുന്നവർക്ക് ഓണ്‍ ലൈൻ പ്ലാറ്റ് ഫോം വഴി സിനിമകള്‍ കാണിക്കുന്നതിനോട് വിദേശ സിനിമ പ്രവർത്തകർക്ക് താൽപര്യമില്ല. 

ഓണ്‍ലൈൻ വഴിയുള്ള പ്രദർശനത്തിന് ശേഷം സിനിമകളുടെ പകർപ്പുകള്‍ ചോരാനുള്ള സാധ്യതയാണ് ഇവർ ഉന്നയിക്കുന്നത്. ഗോവൻ ചലച്ചിത്രമേള ഓണ്‍ലൈൻ വഴി ആലോചിച്ചിരുന്നുവെങ്കിലും വിദേശ സിനിമകള്‍ ഓണ്‍ലൈൻ പ്രദർശനം എതിർത്തതോടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. മുംബൈ ചലച്ചിത്രമേള ഓൺലൈൻ തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. ഓണ്‍ലൈൻ പ്രദർശനത്തിന് പ്രതിസന്ധികളുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പ് ആദ്യം പൂർത്തിയാക്കും. പിന്നീട് സർക്കാരുമായി ചർച്ച നടത്തി ശേഷം മേള എങ്ങനെ നടത്തുമെന്ന കാര്യം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!