എലത്തൂർ ട്രെയിൻ തീവയ്പ്പ്: ആറ് മാസത്തിന് ശേഷം ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിച്ചു, മുഖ്യമന്ത്രി ഉത്തരവിറക്കി

Published : Nov 13, 2023, 06:28 PM IST
എലത്തൂർ ട്രെയിൻ തീവയ്പ്പ്: ആറ് മാസത്തിന് ശേഷം ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിച്ചു, മുഖ്യമന്ത്രി ഉത്തരവിറക്കി

Synopsis

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18നാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോർത്തിയെന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി വിജയന്റെ സസ്പെൻഷൻ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. എന്നാൽ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും. തീവയ്പ്പ് കേസ് പ്രതിയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറ് മാസത്തോളമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറി ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവായത്.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18നാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോ‍ർട്ട് അനുസരിച്ചായിരുന്നു നടപടി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചായിരുന്നു സർക്കാരിന് പി വിജയൻ വിശദീകരണം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിരുന്നില്ല.

എന്നാൽ പി വിജയന്റെ വിശദീകരണത്തിന് മേൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്പെൻഷൻ പിൻവലിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. വകുപ്പ്തല അന്വേഷണത്തിൽ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകും. അപ്പോഴുള്ള കണ്ടെത്തലുകളിൽ വകുപ്പുതല നടപടിയാകാം. മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വീണ്ടും ശുപാർശ ചെയ്തെങ്കിലും സർക്കാർ നടപടിയെടുത്തില്ല. സംസ്ഥാന പൊലീസ് സേനയിൽ തന്നെ മികച്ച സർവീസ് ട്രാക്കുള്ള ഉദ്യോഗസ്ഥനായിരുന്നു ഐജി പി വിജയൻ. ഇദ്ദേഹത്തിനെതിരായ സസ്പെൻഷൻ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക അതൃപ്തിക്ക് കാരണമായിരുന്നു. എന്നിട്ടും ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുകയോ സസ്പെഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ വിജയം തങ്കലിപികളിലെഴുതിയ ചരിത്ര നേട്ടമെന്ന് മോദി, മേയർ വിവി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
'പെരിന്തൽമണ്ണ മലപ്പുറത്താണെന്ന് സഖാവ്‌ വെള്ളാപ്പള്ളിയെ അറിയിച്ച്‌ കൊടുക്കണേ': ഈ കോളജ്‌ അനുവദിച്ചത്‌ നാലകത്ത്‌ സൂപ്പി സാഹിബെന്ന് നജീബ് കാന്തപുരം