നിലക്കൽ -പമ്പ പാതയിൽ അനധികൃത ടാക്സി സർവ്വീസ്; 16 വാഹനങ്ങൾ പിടികൂടി കേസെടുത്തു

By Web TeamFirst Published Jan 5, 2020, 3:47 PM IST
Highlights

ജീപ്പ് , ടാറ്റ സുമോ, ഓട്ടോറിക്ഷ എന്നിവയാണ് അനധികൃതമായി സർവ്വീസ് നടത്തുന്നത്. 

പത്തനംതിട്ട: നിലക്കൽ - പമ്പ പാതയിൽ  അനുമതി ഇല്ലാതെ ടാക്സികൾ സർവ്വീസ് നടത്തുന്നു. ഇതു സംബന്ധിച്ച് കെഎസ്ആ‍ർടിസി നിലക്കൽ എഡിഎമ്മിന് പരാതി നൽകിയതിന്  പിന്നാലെ 16  വാഹനങ്ങൾ പൊലീസ് പിടികൂടി.  ജീപ്പ് , ടാറ്റ സുമോ, ഓട്ടോറിക്ഷ എന്നിവയാണ് അനധികൃതമായി സർവ്വീസ് നടത്തുന്നത്. തീർത്ഥാടകരിൽ നിന്ന് 1000 മുതൽ 1200  രൂപവരെയാണ് ഈടാക്കുന്നത്. 15 സീറ്റിൽ താഴെയുള്ള ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പമ്പയിലേക്ക് പോകാൻ അനുമതിയുള്ളത്. 

എന്നാൽ വലിയ വാഹനങ്ങളും കടന്നുപോകുന്നുണ്ടെന്ന് കെഎസ്ആർടിസി  എസ്ഒ നിലക്കൽ എഡിഎമ്മിന് നൽകിയ പരാതിൽ പറയുന്നു. പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ 16 വാഹനങ്ങൾ പിടികൂടി കേസ്സെടുത്തു. അനധികൃത ടാക്സികളുടെ നമ്പർ സഹിതമാണ് കെഎസ്ആർടിസി പരാതി നൽകിയിരിക്കുന്നത്. കെഎസ്ആർടിസി ചെയിൻ സർവ്വീസിന് വരുമാനം നഷ്ടം ഉണ്ടാകുന്നതിനൊപ്പം  കൂടുതൽ ടാക്സികൾ വരുന്നത് ഗതാഗത കുരുക്കും ഉണ്ടാക്കുന്നുണ്ട്. കുമളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് നിലക്കലിൽ അനധികൃത സർവ്വീസ് നടത്തുന്നത്.

click me!