
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ (Rain) തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (Yellow alert) പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. കേരളത്തിൽ കാലവർഷം ഉടൻ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാലവർഷത്തിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി ഒത്തുവരാത്തതാണ് സ്ഥിരീകരണം വൈകാൻ കാരണം. കാലവർഷം എത്തിയാലും ആദ്യ പാദത്തിൽ താരമ്യേന മഴയുടെ അളവിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം.
തീരപ്രദേശത്ത് വറുതിയുടെ കാലം; 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ തൊഴിലാളി യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ച് ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം.
ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടി വരുമ്പോൾ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam