
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം (Attappadi new born dies). മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് ഇന്നലെ മരിച്ചത്. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ-കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടലേക്ക് മടങ്ങുമ്പോൾ ഗൂളിക്കടവിൽ വച്ച് കുഞ്ഞിന് അനക്കമില്ലാതായി. ഉടനെആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ നവജാത ശിശുമരണമാണിത്. അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മാര്‍ച്ച് 21ന് മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചു.
കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു
ആലപ്പുഴ: പൂച്ചാക്കൽ സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കുന്നിതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് വളവനാട്ട് ചിറ ജോസ്കുട്ടി- ലീന ദമ്പതികളുടെ മകൻ അലൻ ജോസ് (15) ആണ് മരിച്ചത്. പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഉച്ചയോടെ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
വെള്ളത്തിൽ മുങ്ങി താഴ്ന്ന അലനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അലനെ മുങ്ങിയെടുത്തത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അലൻ തൈക്കാട്ടുശേരി എസ്എംഎസ് ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ജോൺസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട്ടുശേരി സെന്റ് ആൻ്റണിസ് പള്ളിയിൽ.