
പാലക്കാട്: സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിന്‍റെ ഭാഗമാണെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ് പ്രതികരിച്ചു. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുക്കേണ്ടി വരും. സുരേഷ് ബാബുവിനെതിരെ പരാതിയുണ്ടെങ്കിൽ നേതൃത്വം ഉചിത നടപടി എടുക്കും. പരാതി ഉണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. തനിക്ക് അറിയില്ല. പൊലീസിൽ പരാതി നൽകേണ്ടത് പരാതിക്കാരിയാണെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
അതേസമയം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്‍റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.
അതേസമയം സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി സിപിഎം എടുത്തേക്കും. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam