
കൊച്ചി : കെടിയു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിന് നിയമനം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും സദുദ്ദേശത്തോടെയാണ് ഡോ. സിസ തോമസിന് നിയമനം നടത്തിയതെന്നും ഗവർണർ ഹൈക്കോടതിയെ അറിയിച്ചു.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. സിസക്ക് നിയമനം നൽകിയതെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ കോടതി ഗവർണറോട് ആരാഞ്ഞിരുന്നു. യോഗ്യതയുണ്ടോയെന്നതല്ല സിസ തോമസിന്റെ സീനിയോരിറ്റിയാണ് കോടതിക്ക് പരിശോധിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നും കോടതി ചൂണ്ടിക്കാട്ടി. മറുപടി നൽകിയ ഗവർണർ സീനിയോറിറ്റി അനുസരിച്ച് നാലാമതായിരുന്നു ഡോ. സിസ തോമസെന്ന് വ്യക്തമാക്കി.
വൈസ് ചാൻസിലറിനെ നിയമിക്കാതെ സർവകലാശാല പ്രവർത്തനങ്ങൾ നിശ്ചലമാകരുതെന്ന സദ്ദുദ്ദേശത്തോടെയാണ് വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ഡോ. സിസ തോമസിന് നിയമനം നടത്തിയതെന്നും ഗവർണർ വിശദീകരിച്ചു. പ്രൊ വിസിക്ക് അധ്യാപന പരിചയമുണ്ടോ എന്ന് സര്‍വകലാശാലയോട് കോടതി ചോദിച്ചു. പത്ത് വര്‍ഷം അധ്യാപന പരിചയമുണ്ടെന്ന് റജിസ്ട്രാര്‍ മറുപടി നൽകി. ചാൻസിലർ സംസ്ഥാനത്തിന്റെ ഗവർണർ കൂടിയാണ്. എക്സ്യൂക്യൂട്ടീവ് അധികാരങ്ങൾ ഗവർണർക്കുണ്ടെന്നും ഗവർണറുടെ അഭിഭാഷകൻ അറിയിച്ചു.
എന്നാൽ വിസി നിയമനത്തിന് സിനിയോരിറ്റിയല്ല പരിഗണനാ മാനദണ്ഡമെന്ന് ചാൻസിലർ കോടതിയിൽ വാദിച്ചു. അതിനാൽ തനിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നും ഗവർണർ കോടതിയിൽ നിലപാടെടുത്തു. സർക്കാരിന് ഗവർണറുടെ തീരുമാനങ്ങൾ മറികടക്കാനാവില്ലെന്നു ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ ഗവർണർക്കെതിരെയല്ല ചാൻസലർക്കെതിരെയാണ് ഹർജിയെന്ന് കോടതി മറുപടി നൽകി. ഗവർണറുടെ നടപടിയെയാണ് സർക്കാർ ചോദ്യം ചെയ്യുന്നതെന്ന് ഗവർണറുടെ അഭിഭാഷകൻ വീണ്ടും അറിയിച്ചു. ഇതോടെ ഗവർണർക്കെതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പക്ഷേ ചാൻസലർക്കെതിരെ ഹർജി നൽകാമെന്നും കോടതി നിലപാടെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam