
കൊച്ചി: റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിൽ അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർ ഗൾഫിൽ എത്തുമ്പോൾ എന്തൊരു ശ്രദ്ധയാണ്. അറബികൾ പോലും അത്ര നന്നായി അവിടെ വണ്ടി ഓടിക്കില്ല. മദ്യപിച്ച് വണ്ടിയോടിച്ചാൽ പൊലീസ് പിടിക്കുമെന്നായപ്പോൾ ചിലർ ഭാര്യമാരെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇപ്പോൾ പരിശോധന കുറഞ്ഞപ്പോൾ ഭാര്യമാർക്ക് വണ്ടി കൊടുക്കാതെയായി. വാഹനത്തിന്റെ കളറിൽ അല്ല കാര്യം. അപകടകരമായ ഡെക്കറേഷൻസ് ആണ് പ്രശ്നമെന്നും വിഡി സതീശൻ പറഞ്ഞു. എറണാകുളത്ത് റോഡ് സുരക്ഷ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ടൗൺ ഹാളിൽ സംഘടിപ്പിച്ച 'ജീവ-സുയാത്ര' മിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
റോഡ് നിയമങ്ങൾ കർക്കശമാക്കും. അതിന്റെ പേരിൽ ജനം സർക്കാരിന് എതിരായാൽ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കും. ഞാൻ അടക്കമുള്ള ആളുകൾ ആർക്കും വേണ്ടി ആരെയും വിളിക്കില്ല. പൊലീസുകാർ ഒരാളുടെയും ശുപാർശ കേൾക്കണ്ട. ഞാൻ പൊലീസുകാർക്ക് ഗ്യാരന്റി നൽകുന്നു. മുഖം നോക്കാതെ നടപടി വേണം. ആറ് മാസത്തിനുള്ളിൽ മാറ്റം ഉണ്ടാകണം. മമ്മൂട്ടി വാഹനങ്ങളെ പ്രണയിച്ച ആളാണെന്നും ഗൾഫിൽ പോയാലും ഇവിടെയും ഭംഗി ആയി വാഹനം ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ലെന്നും ആവേശത്തോടെ സ്പീഡിൽ വണ്ടി ഓടിക്കുന്നയാൾ ആളാണെന്നും പരിപാടിയിൽ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണ്. റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെയാണ്. നമ്മുടെ സുരക്ഷ മറ്റൊരാളുടെ കയ്യിൽ അല്ലെന്നും മമ്മൂട്ടി പറഞ്ഞു.
സമയമാണ് പ്രശ്നം എന്ന് പലരും പറയുന്നു. അതൊന്ന് ശ്രദ്ധിക്കാവുന്നതാണ്. റൂട്ട് മാറ്റമോ, സമയമാറ്റമോ പരിഗണിക്കണം. അഭ്യാസപ്രകടനം നടത്തേണ്ടത് റോഡിൽ അല്ല, അതിന് സ്ഥലങ്ങൾ ഉണ്ട്. ഒരാൾ ഓവർടേക്ക് ചെയ്താൽ നമുക്ക് പിടിക്കില്ല. അറിയാത്ത ആളുകൾ പരസ്പരം മത്സരിക്കുന്നുവെന്നും ബസ് മത്സരയോട്ടം പരാമർശിച്ച് മമ്മൂട്ടി പറഞ്ഞു. ഫുട്പാത്തിൽ കൂടെ ആളുകൾ നടക്കാറുണ്ടോ, നടക്കാൻ പറ്റാറുണ്ടോ. അതൊക്കെ വേറെ പലതിനുമാണ് ഉപയോഗിക്കുന്നത്. അശ്രദ്ധയ്ക്ക് ഒരു കണക്കുമില്ല. ഒരുപാട് കാലം ജീവിക്കേണ്ടവരാണ്. എന്നെ ഏൽപ്പിച്ചത് വലിയ ഭാരം. ആദ്യം ഞാൻ നന്നാകണമല്ലോ, ഞാൻ നന്നാവാൻ തീരുമാനിച്ചു. പോയവരൊക്കെ തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ വീട്ടിൽ ഉണ്ട്. അവർ വേണ്ടിയെങ്കിലും ശ്രദ്ധിക്കണം. കുട്ടികളെ സിവിക് സെൻസ് പഠിപ്പിക്കണം. പക്ഷേ അടുത്തകാലത്തായി വണ്ടി ഓടിക്കാറില്ല. റോഡിൽ വാഹനങ്ങളുടെ എണ്ണവും തിരക്കും കൂടിയെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam