കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. സുബയ്യ റായുടെ സാമ്പത്തിക പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട്: കാസർകോട് ഡിസിസി പ്രസിഡന്‍റ് പികെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസൽ എന്നും സുബയ്യ റായ്‍യുടെ പരാതി ഗൗരവമുള്ളതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിയിൽ അന്വേഷണം നടക്കണം, കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം പണിയുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ഒന്നും കൂടിയിട്ടില്ല. സുബയ്യ റായ് സംശുദ്ധ രാഷ്ട്രീയ സംസ്കാരമുള്ള ആളാണ്. വ്യക്തികളെ ആക്ഷേപിക്കുകയോ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിക്കുകയോ ചെയ്യില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

സാംസ്കാരിക നിലയം പണിയാതെ ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയാൽ വലിയ വിവാദമാകുമെന്ന് നേരത്തെ തന്നെ കെപിസിസിയോട് താൻ പറഞ്ഞിരുന്നു. ഫൈസലിന് ഇഷ്ടമുള്ള പോലെ കാര്യങ്ങൾ ചെയ്യുകയാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി കൂട്ടിച്ചേർത്തു. കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. കെപിസിസിക്ക് ആണ് പരാതി നൽകിയത്. കെപിസിസി സെക്രട്ടറിയും മുൻ എം പി രാമറായിയുടെ മകനുമായ സുബ്ബയ്യ റായ് ആണ് പരാതി നൽകിയത്. ഫൈസൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നുവെന്നും ഡിസിസി ഓഫീസിന്‍റെ മൂന്നാം നിലയ്ക്ക് വേണ്ടി അന്തരിച്ച രാമറായിയുടെ പേരിടാൻ 20 ലക്ഷം നൽകാൻ ആവശ്യപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്.

അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണന്‍റെ പേരിട്ട് കെട്ടിടം നിർമ്മിക്കാനുള്ള പിരിവാണ് ഇപ്പോൾ നടത്തുന്നതെന്നും പരാതിയിലുണ്ട്. അതേസമയം, സുബയ്യ റായിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഡിസിസി അധ്യക്ഷൻ പി കെ ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അദ്ദേഹത്തെ ഫോണിൽ വിളിക്കുകയോ, രാമറായിയുടെ പേരിൽ കെട്ടിടം പണിയാമെന്ന് പറയുകയോ ചെയ്തിട്ടില്ല. തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. കെ പി കുഞ്ഞിക്കണ്ണന്‍റെ പേരിടാൻ തീരുമാനിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചെടുത്ത തീരുമാനമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

YouTube video player