പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതിൽ വിവാദം. നിയമനത്തിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ പരാതി നൽകി. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ വ്യക്തമാക്കി.
പാലക്കാട്: പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതായി പരാതി. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബിജെപി നേതാവും മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യക്കാണ് താൽക്കാലിക നിയമനം നൽകിയത്. നിയമനത്തിന് പിന്നിൽ പാലക്കാട്ടെ മുതിർന്ന ചില കോൺഗ്രസ് നേതാക്കളെന്ന് ആക്ഷേപമുയർന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നൽകി.
പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. പരാതി പരിശോധിച്ചുവരുന്നു. വേക്കൻസി ഫില്‍ ചെയ്തതില്‍ അപാകതയുണ്ടെങ്കില്‍ ഇടപെടും. മാനദണ്ഡം ലംഘിച്ചിട്ടുണ്ടെങ്കില്‍ തിരുത്താൻ പറയും. പരാതിയില്‍ ആരുടേയും പേരില്ല. കോൺഗ്രസുകാര്‍ ബിജെപിക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാൻ സാധ്യതയില്ല. എന്ത് സ്നേഹത്തിന്റെ പേരിലായാലും ബിജെപിക്കാര്‍ക്ക് ശുപാര്‍ശ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












