പാൽ ഉത്പന്നങ്ങളുടെ വില വർധന ആശങ്കാജനകം; ജിഎസ്ടി വര്‍ധന കടന്ന കൈ എന്നും രമേശ് ചെന്നിത്തല

By Web TeamFirst Published Jul 17, 2022, 3:44 PM IST
Highlights

വില വര്‍ധന  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വർധിക്കുന്നതോടെ കുടുംബ  ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.
 

കൊച്ചി: പാൽ  ഉത്പന്നങ്ങളുടെ വില  വർധിക്കുന്നത്  ആശങ്കാജനകം  എന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വർധിക്കുന്നതോടെ കുടുംബ  ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തന്നെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കയറ്റം  ആണ്. ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം  കടന്ന  കൈ  ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മിൽമ ചെയർമാൻ ആയിരുന്ന പ്രയാർ  ഗോപാല കൃഷ്ണൻ , പി എ  ബാലൻ  മാസ്റ്റർ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങൾക്ക് നാളെ മുതലാണ് വില കൂടുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുകൾക്ക് നാളെ മുതൽ അഞ്ച് ശതമാനം ജിഎസ് ടി നിലവിൽ വരുന്ന സാഹചര്യത്തിലാണിത്. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്കും വില കൂടുമെന്ന ആശങ്കയുണ്ട്. വ്യക്തത തേടി സംസ്ഥാനം ജിഎസ് ടി വകുപ്പിന് കത്തയച്ചു.

നേരത്തെ പാക്ക് ചെയ്തതും, ലേബലിംഗ് ഉള്ളതുമായ വസ്തുക്കള്‍ക്ക് നാളെ മുതൽ വില കൂടും. അരി, ധാന്യവർഗങ്ങൾ, മാംസം, മത്സ്യം, തേൻ, ശർക്കര, തുടങ്ങി പാക്കറ്റിലാക്കി ലേബലിംഗോടെ വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾക്കാണ്  ജിഎസ്ടി ബാധകമാകുക. പാലൊഴികെ തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പനങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്ടി വരും. അരിക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ ഉയരാം.  കൂട്ടിയ വില മിൽമ നാളെ പ്രസിദ്ധീകരിക്കുും.
 
ജൂൺ അവസാനം ചേർന്ന ജിഎസ്ടി കൗൺസിലാണ് പാക്ക്ഡ് ഉത്പന്നങ്ങൾക്കും നികുതി ബാധകമാക്കാൻ തീരുമാനിച്ചത്. ജൂലൈ 13നാണ് ധനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജിഎസ്ടി മാറ്റം നടപ്പാക്കുന്നതിൽ വ്യക്തത വരുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.  ധനമന്ത്രാലയത്തിന്റെ മറുപടി ഉടൻ കിട്ടുമെന്നാണ് ധനവകുപ്പ് അറിയിച്ചത്. പാക്കിംഗിന്റെ എല്ലാ ഘട്ടങ്ങളിലും ജിഎസ്ടി ബാധകമാകുമോ എന്നും ആശങ്കയുണ്ട്. 
 

Read Also: മിൽമ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും, 5 ശതമാനത്തിൽ കുറയാത്ത വ‌ർധന ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ

click me!