
ഷൊർണൂർ: ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമല തെരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫിനോട് പി നിർമല അധ്യക്ഷ പദവി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം നിലനിർത്താൻ പി നിർമലയെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചത്. എൽഡിഎഫിൻ്റെ 17 അംഗങ്ങളും നിർമലക്ക് വോട്ട് ചെയ്തു. നിർമലയുടെ വോട്ടടക്കം ആകെ 18 വോട്ടുകൾ നേടി. ബിജെപിയുടെ 12 വോട്ടുകൾ അഡ്വ സിനി മനോജ് നേടിയപ്പോൾ ടി സീന കോൺഗ്രസിൻ്റെ 5 വോട്ടുകളും നേടിയെന്നാണ് റിപ്പോർട്ട്.
അതേസമയം, പി നിർമലയെ അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കുന്നതിനെതിരെ ഷൊർണൂരിലെ പ്രാദേശിക നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. നവമാധ്യമങ്ങളിലൂടെ പലരും വിയോജിപ്പ് പങ്കുവെച്ചിരുന്നു. ആദ്യം കോൺഗ്രസും ബിജെപിയും സംയുക്തമായി പി നിർമലയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഘടകങ്ങൾ യോഗം ചേർന്ന് അത്തരമൊരു നീക്കം വേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഷൊർണൂരിലെ ഒരു വിഭാഗം സിപിഎം നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെങ്കിലും ഭരണ സ്ഥിരതയ്ക്ക് വേണ്ടിയാണ് തീരുമാനമെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം. ആകെയുള്ള 35 സീറ്റിൽ എൽഡിഎഫ്- 17, ബിജെപി -12, യുഡിഎഫ് 5, സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam