സാധനം വാങ്ങാന്‍ ആളില്ല: കോഴിക്കോട്ടുള്ള രാജ്യത്തെ ആദ്യ വനിതാ മാൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

By Web TeamFirst Published Jul 14, 2019, 12:32 PM IST
Highlights

ആളുകൾ എത്താതിനെ തുടർന്ന് മാളിൽ പ്രവർത്തനം ആരംഭിച്ച പതിനാറോളം കടകൾ പൂട്ടി. ഇതിനെതുടർന്ന് സംരംഭകരിൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 

കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ മാളിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. ആളുകൾ എത്താതിനെ തുടർന്ന് മാളിൽ പ്രവർത്തനം ആരംഭിച്ച പതിനാറോളം കടകൾ പൂട്ടി. ഇതിനെതുടർന്ന് സംരംഭകരിൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രവർത്തനമാരംഭിച്ച് എട്ടുമാസം പിന്നിടുമ്പോഴാണ് കോഴിക്കോട് ആരംഭിച്ച മഹിളാ മാൾ പ്രതിസന്ധിക്ക് നടുവില്‍ നില്‍ക്കുന്നത്.

ലോകത്തിനാകെ മാതൃകയെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംരഭമാണ് വനിതാ മാൾ. അഞ്ച് കോടി രൂപ ചെലവിട്ട് അഞ്ച് നിലകളിലായി നിര്‍മ്മിച്ച മാളിന്‍റെ പ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ മെച്ചപ്പട്ട രീതിയിലായിരുന്നു. 76 കടകളില്‍ ഏറെയും നടത്തിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു. എന്നാല്‍ രണ്ടു മാസത്തിനകം സ്ഥിതി മാറാൻ തുടങ്ങി. കച്ചവടം കുത്തനെ കുറഞ്ഞു.

ഉപഭോക്താക്കളെ ആകര്‍ക്കാനുളള പ്രചാരണ പരിപാടികള്‍ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്. ഉപഭോക്താക്കളെ മാളിലേക്ക് എത്തിക്കുന്നതിനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. നിലവില്‍ വാടക കൊടുക്കാന്‍ കടം വാങ്ങേണ്ട സ്ഥിതിയിലാണ് സംരംഭകരെന്നും മഹിളാ മാള്‍ ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. കടകളുടെ പ്രവര്‍ത്തന രീതിയിലും അപാകത ഉണ്ടായതായും സമിതി ആരോപിച്ചു.

അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മഹിളാ മാളിന് സംസ്ഥാന കുടുംബശ്രീ മിഷൻ മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രശ്നം പഠിക്കാനായി കുടുംബശ്രീ മിഷനും കോര്‍പ്പറേഷനും ഓരോ സമിതിയെയും നിയോഗിച്ചു. 

click me!