
കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ (ഐഒബി) മേലുദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും പരാതിയുമായി യുവാവ്. എറണാകുളം റീജ്യണൽ ഓഫീസിലെ ഡിജിഎം നിതീഷ് കുമാര്‍ സിന്‍ഹ, എജിഎം കശ്മീര്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ കേസെടുത്തെങ്കിലും തുടര്‍ നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. എന്നാൽ, ജാതി അധിക്ഷേപ പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് ബാങ്കിന്‍റെ വിശദീകരണം.
2024 ഓഗസ്റ്റിലാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം റീജ്യണൽ ഓഫീസിലെ അസിസ്റ്റന്‍റ് മാനേജര്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും ജോലിക്കിടെ ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥര്‍ക്കെതിരെ മുളവുകാട് പൊലീസിന് പരാതി നല്‍കിയത്. ബാങ്കിലെ ജോലിക്കിടെ താഴ്ന്ന ജാതിയാണെന്ന് പറഞ്ഞ് കളിയാക്കിയെന്നും ചെടി നനയ്ക്കുന്നതടക്കമുള്ള ജോലികള്‍ക്ക് നിര്‍ബന്ധിച്ചുവെന്നുമാണ് ആരോപണം.
എജിഎം കശ്മീര്‍ സിംഗ് മരുന്ന് വാങ്ങി നൽകാൻ നിര്‍ബന്ധിച്ചപ്പോള്‍ എതിര്‍ത്തിന് പുറത്തിട്ട് മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. ഉദ്യോഗസ്ഥന്‍റെ വീട്ടിലെ മറ്റുള്ളവരുടെ ബാങ്കിങ് ആവശ്യങ്ങള്‍ നടത്തികൊടുക്കാനും നിര്‍ബന്ധിച്ചുവെന്നും പരാതിയുണ്ട്. സ്ഥലമാറ്റുമെന്നും ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുമെന്നുമെല്ലാം അന്ന് മേലുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതോടെ പരാതി പിന്‍വലിച്ചു. മാസങ്ങള്‍ക്ക് ശേഷം പഴയ ഭീഷണി ആവര്‍ത്തിച്ചു. ഒടുവില്‍ ആനുകൂല്യങ്ങള്‍ തടയുകയും അന്യസംസ്ഥാനത്തേക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിക്കുകയും ചെയ്തതോടെയാണ് യുവാവ് വീണ്ടും പൊലീസിനെ സമീപിച്ചത്.
11 വര്‍ഷത്തെ സര്‍വീസാണ് ഭര്‍ത്താവിനുള്ളതെന്നും ആകെ 15വര്‍ഷത്തേക്കുള്ള ഇന്‍ക്രിമെന്‍റാണ് തടഞ്ഞുവെച്ചതെന്നും സ്ഥലമാറ്റവും പകപോക്കലാണെന്നും ഇതുവരെ അവിടെ ജോയിൻ ചെയ്തിട്ടില്ലെന്നും പരാതിക്കാരന്‍റെ ഭാര്യ പറഞ്ഞു. എന്നാല്‍, പ്രതി സ്ഥാനത്തുവന്ന കശ്മീര്‍ സിംഗും ദളിത് വിഭാഗത്തില്‍പ്പെട്ടതാണെന്നും അതിനാല്‍ കശ്മീര്‍ സിങ്ങിനെതിരെ ജാതീയമായി അധിക്ഷേപിച്ചതിന് കേസെടുക്കാന്‍ സാധിക്കില്ലെന്നുമാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കുന്നത്. ആരോപണമുയര്‍ന്ന ഡിജിഎം നിതീഷ് കുമാര്‍ സിന്‍ഹ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. അകാരണമായി സ്ഥലം മാറ്റം ലഭിച്ചുവെന്ന പരാതിയിലും അന്വേഷണത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിയെ തട്ടികൊണ്ടുപോയി കോടികളുടെ സ്വര്‍ണം കവര്‍ന്ന കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam