
പാലക്കാട്: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി ഷംനയുടെ ഭർത്താവ് പ്രതിയാകില്ല. മണികണ്ഠന്‍റെ അറിവേടെയല്ല, ഷംന കുട്ടിയെ കടത്തിയത് എന്ന് പൊള്ളാച്ചി പൊലീസ് കണ്ടെത്തി. ഇന്നലെ പുലർച്ചെ ഷംനയ്ക്ക് ഒപ്പം മണികണ്ഠംനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊള്ളാച്ചിയിൽ എത്തിച്ച് ചോദ്യംചെയ്തതിന് ശേഷം രാത്രിയോടെ മണികണ്ഠനെ വിട്ടയച്ചു. ഷംനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന 13 വയസുകാരിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലിസ് രേഖപ്പെടുത്തി. ഷംന കുട്ടിയെ കടത്തുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് ഈ കുട്ടിയാണ്. സിസിടിവികളിലും ഇത് വ്യക്തമായിരുന്നു. ജൂവനയിൽ ആയതിനാൽ പ്രതിയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ തുടർന്ന്, ബന്ധുക്കളെ കബളിപ്പിക്കാനാണ് ഷംന നവജാത ശിശുവിനെ കടത്തിക്കൊണ്ടുവന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. കുഞ്ഞിനെ പൊള്ളാച്ചിയിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ ദിവസം പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നുമാണ് നാട്ടുകാരായ യൂനിസ് - ദിവ്യഭാരതി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയത്. പൊള്ളാച്ചി പൊലീസ് നൽകിയ ജാഗ്രതാ നിർദേശത്തിലുള്ള പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്, കൊടുവായൂർ സ്വദേശി മണികണ്ഠന്‍റെ വീട്ടിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. മണികണ്ഠന്‍റെ ഭാര്യ ഷംനയെ പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുത്ത് പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ രക്ഷിതാക്കൾക്ക് കൈമാറി.
ഒരു വർഷം മുൻപാണ് ഷംനയും മണികണ്ഠനും ഒരുമിച്ച് ജീവിയ്ക്കുന്നത്. ഇതിനിടെ ഗർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് ആശാ വർക്കർ ആരോഗ്യ പരിശോധന റിപ്പോർട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നൽകി വന്നു. ഏപ്രിൽ 22 ന് പ്രസവിച്ചെന്ന് പറഞ്ഞെങ്കിലും ഷമ്ന കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിനെ കാണിക്കാത്ത വിവരം മണികണ്ഠനും പൊലീസിൽ അറിയിച്ചു. ഇതാണ് ഷംനയെ സാഹസത്തിന് പ്രേരിപ്പിച്ചത്. ഷംനയോടൊപ്പം ഒരാൾ കൂടി ഉള്ളതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും തുടർ നടപടികൾ സ്വീകരിയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam