
തിരുവനന്തപുരം: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ (തിങ്കൾ, 13/07/2026) രാത്രി പത്ത് മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും. മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്ന സമയം വ്യക്തമായിട്ടില്ല.
വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപമായിരുന്നു അപകടമുണ്ടായത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. 32 ഇന്ത്യൻ വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 വിനോദ സഞ്ചാരികളാണ് മരിച്ചത്. 21 പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്.
വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ മിക്കവരും ലാവ മൊബൈൽകമ്പനി സംഘടിപ്പിച്ച യാത്രയിലെ അംഗങ്ങളായിരുന്നു. ലാവ മൊബൈൽസ് വിതരണക്കാർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച വിയറ്റ്നാം ടൂറിന്റെ ഭാഗമായാണ് ബോട്ടിലെ സഞ്ചാരികളിൽ മിക്കവരും വിയറ്റ്നാമിലെത്തിയത്. എന്നാൽ, യാത്രതുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അപകടം സംഭവിച്ചെന്നും ബോട്ട് തലകീഴായി മറിഞ്ഞെന്നുമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞത്.
ബിസിനസ് ടാർഗറ്റ് കൈവരിച്ചതിന് ലാവ മൊബൈൽസ് സംഘടിപ്പിച്ച ടൂറിന്റെ ഭാഗമായി വിയറ്റ്നാമിൽ എത്തിയവരായിരുന്നു ബോട്ടിലെ യാത്രക്കാരിൽ ഭൂരിഭാഗംപേരും. യാത്ര തുടങ്ങി മൂന്നുമിനിറ്റിനുള്ളിൽ തന്നെ ബോട്ട് മറിഞ്ഞെന്നാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ലാവ മൊബൈൽസ് ജീവനക്കാരൻ നിർമൽ കുമാർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ' ക്ലോസ്ഡ് ആയ ഒരു സ്പീഡ് ബോട്ടായിരുന്നു അത്. ഏകദേശം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അപകടമുണ്ടായി. ശക്തമായ തിരയടിച്ചതോടെ ബോട്ട് തലകീഴായി മറിഞ്ഞു. ബോട്ടിൻ്റെ പിറകിലുണ്ടായിരുന്നവരാണ് മരിച്ചത്', നടുക്കം മാറാതെ നിർമൽ കുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam