കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും സാമ്പത്തിക സഹായം നൽകും
മേപ്പാടി: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ്. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും. നിലവിൽ തീവ്രപരിചരണത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്ന് പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
8 പേരുടെ മൃതദേഹവും കണ്ടെത്തി
അതേസമയം മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ഇന്നത്തെ തിരച്ചിലിലാണ് ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. 250 സന്നദ്ധ പ്രവർത്തകരേയും ചേർത്ത് ഇന്ന് നടത്തിയ വിപുലമായ തിരച്ചിലിനാണ് ഇന്ന് പ്ലാനിട്ടിരുന്നത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയിരുന്ന കുഞ്ചുവും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെ കെടാവർ നായ നൽകിയ സൂചന പ്രകാരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന മീനാക്ഷി പാലത്തിൽ നിന്നും 150 മീറ്റർ താഴെ പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിൽ ആയിരുന്നു റാണയുടെ മൃതദേഹം. ഇരുമ്പ് പൈപ്പുകൾക്കിടയിൽ കുടുങ്ങി കിടന്ന മൃതദേഹം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുറത്തെടുത്തത്. വിക്രമിനെ തിരഞ്ഞു ബന്ധുക്കളും കള്ളടിയിലെ അപകട സ്ഥലത്ത് എത്തിയിരുന്നു. ഇവർ നോക്കി നിൽക്കെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കള്ളാടിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഇപ്പോഴും ഭീഷണിയാണ്. ഇത് നീക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതി ഉടൻ സ്ഥലത്ത് എത്തും. ഇത്രയും മണ്ണ് മാറ്റാൻ സ്ഥലം കണ്ടെത്തുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പുഴയിൽ നിറഞ്ഞ ഇരുമ്പുകളും കല്ലും മണ്ണും ഉടനെ മാറ്റാനാണ് നീക്കം.
