
രൂപീകരണം മുതല്‍ ഇടതുപക്ഷത്ത് അടിയുറച്ച് നിന്ന രാഷ്ട്രീയപ്രസ്ഥാനമാണ് ഐഎന്‍എല്‍. എങ്കിലും മുന്നണിയിലുള്‍പ്പെടുത്താന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ്. ആ കാത്തിരിപ്പൊന്നും ഇപ്പോള്‍ വിഫലമായില്ലെന്നാണ് അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ച മന്ത്രിപദത്തിലൂടെ തെളിയുന്നത്. മന്ത്രിസ്ഥാനത്തേക്ക് എല്‍ഡിഎഫ് ഒറ്റപ്പാര്‍ട്ടികളെയും പരിഗണിച്ചപ്പോള്‍ ഐഎന്‍എല്ല് ലഭിച്ചത് അര്‍ഹിക്കുന്ന സ്ഥാനം.
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഐഎന്‍എല്ലിന് അഹമ്മദ് ദേവര്‍കോവിലിലൂടെ മന്ത്രി സ്ഥാനം ലഭിക്കുന്നത്. നിയമസഭയിലേക്കുള്ള ആദ്യവരവില്‍ തന്നെ മന്ത്രിയാകാനുള്ള നിയോഗത്തിലാണ് ഈ 61കാരന്‍. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് കുറ്റ്യാടിക്കടുത്ത ദേവര്‍കോവില്‍ സ്വദേശി. മുസ്ലീംലീഗിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ നിന്ന് അട്ടിമറി ജയം നേടിയത് 12,459 വോട്ട് ഭൂരിപക്ഷത്തിന്. നേരത്തെ കോഴിക്കോട് രണ്ടില്‍ നിന്ന് മത്സരിച്ച് ജയിച്ച പിഎംഎ സലാം ഐഎന്‍എല്ലിന്റെ എംഎല്‍എ ആയിരുന്നെങ്കിലും പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത് ഇതാദ്യം.
എംഎസ്എഫിലൂടെയാണ് അഹമ്മദ് രാഷ്ട്രീയത്തിലെത്തിയത്. അടിയന്തരാവസ്ഥക്കെതിരെ സ്‌കൂള്‍ മാഗസിനില്‍ പ്രബന്ധമെഴുതിയതിന്റെ പേരില്‍ അറസ്റ്റിലായി. 1977 ല്‍ കുറ്റ്യാടി ഹൈസ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. അക്കൊല്ലം പരീക്ഷ എഴുതാനായില്ല. സംഭവം ജീവിതം തന്നെ മാറ്റിമറിച്ചെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധം മാറിയില്ല.
ബികോം പൂര്‍ത്തിയാക്കാതെ ബോംബെയിലെത്തി. ട്രാവല്‍ ഏജന്‍സി നടത്തിപ്പായിരുന്നു ആദ്യ ജോലി. ബോംബെയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. എന്നും മുസ്ലീം ലീഗിന്റെ തിരുത്തല്‍ പക്ഷത്ത്. അഖിലേന്ത്യാ ലീഗിന്റെ കാലത്ത് അതിനൊപ്പം. മഹാരാഷ്ട്ര മുസ്ലിംലീഗ് സെക്രട്ടറിയായി. 1994 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ പാര്‍ട്ടിയില്‍. നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam