രാജ്യസഭയില്‍ അന്ന് എതിരാളികളെക്കൊണ്ടുപോലും കൈയടിപ്പിച്ചു; ഇനി മന്ത്രി പി രാജീവ്

By Web TeamFirst Published May 18, 2021, 4:41 PM IST
Highlights

രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ അരുണ്‍ ജെയ്റ്റിലിയും ഗുലാം നബി ആസാദുമൊക്കെ ഉണ്ടായിരുന്നു. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു

തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഏറ്റവുമധികം ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായിരുന്നു കളമശ്ശേരി. ഫലം വന്നപ്പോള്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ അബ്‍ദുള്‍ ഗഫൂറിനെ 15,000ല്‍ അധികം വോട്ടുകള്‍ക്ക് മറികടന്ന് ജയിച്ചുകയറിയത് പി രാജീവ് ആയിരുന്നു. ഇപ്പോള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ 'പുതുമുഖ' മന്ത്രിസഭയുടെ ലിസ്റ്റ് പുറത്തുവരുമ്പോഴും അതിലൊരു പേര് രാജീവിന്‍റേതാണ്. പത്ത് വര്‍ഷമായി മുസ്‍ലിം ലീഗ് വിജയിച്ചു വരുന്നൊരു മണ്ഡലം പിടിച്ചെടുത്ത രാജീവിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് മന്ത്രിസ്ഥാനം.

പുതിയ കാലഘട്ടത്തിലെ സിപിഎമ്മിന്‍റെ ശ്രദ്ധേയമായ നേതാക്കളിലൊരാളാണ് മന്ത്രിസഭാംഗമാകുന്ന പി രാജീവ്. ഇടതു രാഷ്ട്രീയത്തിലെ ബൗദ്ധിക വ്യക്തിത്വം, ജനകീയ സമരങ്ങളിലെ മുന്നണി പോരാളി, പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലുള്ള ദേശീയ അംഗീകാരം, വിശേഷണങ്ങള്‍ നിരവധിയാണ് പി രാജീവിന്. തൃശൂരിലെ മാള മേലാടൂരില്‍ നിന്നും കളമശ്ശേരി പോളിടെക്നിക് കോളേജില്‍ പഠിക്കാനെത്തിയ പി രാജീവ് പിന്നീട് എറണാകുളത്തെ സിപിഎമ്മിന്‍റെ മുഖമായി മാറുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയായി എത്തിയ വളര്‍ച്ച. 

 

1994ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ വാഹനം എറണാകുളം എം ജി റോഡില്‍ തടഞ്ഞ പി രാജീവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത് അക്കാലത്ത് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു.  പിന്നീടങ്ങോട്ട്  എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി രാജീവിന്‍റെ പാര്‍ട്ടിയിലെ കുതിപ്പ് അതിവേഗത്തിലായിരുന്നു. 2009ലാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2016വരെയുള്ള രാജ്യസഭാ കാലത്തെ പ്രവര്‍ത്തനം രാഷ്ട്രീയ എതിരാളികളുടെപോലും കൈയടി നേടിക്കൊടുത്തു. രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ അരുണ്‍ ജെയ്റ്റിലിയും ഗുലാം നബി ആസാദുമൊക്കെ ഉണ്ടായിരുന്നു. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം  ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. പുതിയ കാലഘട്ടത്തിലെ സിപിഎമ്മിന്‍റെ ബൗദ്ധിക സാംസ്കാരിക മുഖമായാണ് പി രാജീവിനെ വിലയിരുത്തുന്നത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ ആണ്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ പി രാജീവിന്‍റെ കന്നി ജയമാണിത്. നിയമസഭയിലെ ആദ്യ അവസരത്തില്‍ തന്നെ മന്ത്രി സ്ഥാനവും രാജീവിനെ തേടിയെത്തി. സംസ്ഥാനം ശ്രദ്ധിച്ച കളമശ്ശേരിയിലെ പോരാട്ടത്തിലെ മിന്നും വിജയത്തിന്‍റെ തിളക്കം മാറും മുമ്പേ  പിണറായി സര്‍ക്കാരിലെ നിര്‍ണ്ണായക പദവിയിലേക്ക്  പി രാജീവ്  കടന്നു വരുന്നത് ആവേശത്തോടെയാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ കാണുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ നിര്‍ണ്ണായക ചുമതലയിലേക്ക് രാജീവ് എത്തുമെന്നാണ് പ്രതീക്ഷ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!