ആശുപത്രിവാസത്തിനിടെ സ്വപ്ന ഫോൺ വിളിച്ചോ? പരിശോധിക്കുന്നു, റിപ്പോ‍ര്‍ട്ട്  ഇന്ന് ലഭിക്കും

By Web TeamFirst Published Sep 15, 2020, 8:19 AM IST
Highlights

ഇടത് അനുഭാവികളായ നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.

തൃശൂര്‍: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നഴ്സുമാരുടെ ഫോണുപയോഗിച്ചെന്ന ആരോപണം പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

അതേ സമയം സ്വപ്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി പുറത്ത് വന്നു. സ്വപ്നക്ക് ഫോൺ കൈമാറിയിട്ടില്ലെന്നും പൊലീസുകാരുടെ സാനിധ്യത്തിൽ മാത്രമാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ പറയുന്നത്. 

സ്വപ്നയുടെ വാര്‍ഡിനകത്ത് മൂന്ന് വനിതാ പൊലീസുകാരും പുറത്ത് മറ്റ് പൊലീസുകാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ചികിത്സ. ശുചീകരണ ജീവനക്കാർ പോലും അകത്ത് കയറിയിട്ടില്ലെന്നും നഴ്സുമാര്‍ മൊഴി നൽകിയതായാണ് വിവരം. കൂടാതെ റൂമിന്‍റെ താക്കോലും പൂട്ടും പൊലീസുകാരുടെ കൈവശമായിരുന്നുവെന്നും നഴ്സുമാര്‍ പറയുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടർന്ന് സ്വപ്നയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയിൽ ചിലവിട്ടത്. ഈ സമയത്ത് ചില ഇടത് അനുഭാവികളായ നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണിൽ സംസാരിച്ചിരുന്നത്. അനിൽ അക്കരെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്വപ്നയുടെ ആശുപത്രിവാസവും ഫോൺകോളുകളുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. 

click me!