കാസര്‍കോട് ഇരട്ടക്കൊലക്കേസ‍ിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; നടപടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസം

By Web TeamFirst Published Mar 2, 2019, 8:43 AM IST
Highlights

കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം
 

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം. 

ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. കാസര്‍കോഡ് ക്രൈ ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് സ്ഥലം മാറ്റം. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം പരാതി നല്‍കി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.

ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്‍റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൃത്യത്തിൽ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേർ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രതികളുമായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും സിപിഎം നേതാക്കളും ചേർന്ന് പ്രതികളുടെ വീട്ടിൽ നിരവധി തവണ ചർച്ച നടത്തിയിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു.

എന്നാല്‍ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃശ്ചികമായ പ്രാദേശിക സംഭവമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പെരിയയിലെ സിപിഎം പൊതുയോഗത്തില്‍ വച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. ലോക് സഭാ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സിപിഎമ്മിനെതിരെ പ്രചരണം നടത്തുന്നത്. ഒന്നു രണ്ട് പേർക്ക് സംഭവിച്ച വീഴ്ചയെ പാർട്ടിക്കതിരെ ഉപയോഗിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇതെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു. 

click me!