മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

കൊച്ചി: ‌നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് നിയമമന്ത്രി പി രാജീവ്‌. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ല. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധി. വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

എല്ലാ പ്രതികൾക്കും 20 വർഷം കഠിനതടവ്

കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച് കൂട്ടബലാത്സംഗ കേസിൽ നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കേടതി വിധിച്ചത്. വിചാരണ കാലയളവിലെ അനുഭവിച്ച ജയിൽ വാസക്കാലം ഒഴിവാക്കി തടവ് ശിക്ഷ അനുഭവിച്ചാൽ മതി. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 2,75,000 രൂപ പിഴയും മറ്റ് പ്രതികൾക്ക് 50, 000 രൂപ പിഴയും വിധിച്ചു. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും കോടതി പറഞ്ഞു. പ്രതികളെ വിയ്യൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 

മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണമെന്ന് കോടതി

അതിജീവിതയുടെ സ്വകാര്യദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കയ്യിലാണെന്നും അത് പുറത്ത് പോകാതെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതിജീവിതയുടെ വിവാഹ നിശ്ചയ മോതിരം തിരികെ നല്‍കണമെന്നും കോടതി വ്യക്തമാക്കി. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതയ്ക്ക് തിരികെ നൽകേണ്ടത്.