
തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോഗ്യസർവ്വകലാശാലയുടെ പരിശോധനയിൽ തെളിഞ്ഞതായി സൂചന. നാളത്തെ ഗവേർണിങ് കൗൺസിലിന് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറും. ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസിലറിന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജില്‍ പരിശോധന നടത്തിയത്.
കോളേജില്‍ അധ്യാപകരോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി ബോധ്യപ്പെട്ടതായാണ് സൂചന. പരിശോധനാസംഘത്തിന്‍റെ കണ്ണിൽ പൊടിയിടാനായി ഇന്നലെയും പണം നൽകി പുറത്ത് നിന്ന് ജീവനക്കാരെയയും രോഗികളെയും എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു.
ഇത് സർവ്വകലാശാല അധികൃതകർക്കും വിദ്യാർത്ഥികൾ കൈമാറി. എംസിഐ പരിശോധനയ്ക്ക് മുമ്പും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിരുന്നു. 2016ൽ പ്രവേശനം ലഭിച്ച എംബിബിഎസ് വിദ്യാർത്ഥികളാണ് കോളേജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് പരാതിയും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ സർവകലാശാല സംഘം പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam