കൊവിഡ് കാലത്തും പകല്‍കൊള്ള; കെഎസ്ആർടിസി ഈടാക്കുന്നത് ഇരട്ടിയിലധികം നിരക്ക്

By Web TeamFirst Published Dec 15, 2020, 7:06 AM IST
Highlights

ടിക്കറ്റ് റിസർവ് ചെയ്യുന്നവരില്‍നിന്നും മൂന്നിരട്ടിയോളം തുക വരെയാണ് നിലവില്‍ ഈടാക്കുന്നത്. നിരന്തരം പരാതിയറിയിച്ചിട്ടും ഇതുവരെ സാധാരണ നിരക്കിലേക്ക് മാറാന്‍ കെഎസ്ആർടിസി തയാറായിട്ടില്ല.

ബെംഗളൂരു: കൊവിഡ് കാലത്ത് സംസ്ഥാനാന്തര യാത്രക്കാരോട് കെഎസ്ആർടിസിയുടെ പകല്‍കൊള്ള. ടിക്കറ്റ് റിസർവ് ചെയ്യുന്നവരില്‍നിന്നും മൂന്നിരട്ടിയോളം തുക വരെയാണ് നിലവില്‍ ഈടാക്കുന്നത്. യാത്രക്കാർ നിരന്തരം പരാതിയറിയിച്ചിട്ടും ഇതുവരെ സാധാരണ നിരക്കിലേക്ക് മാറാന്‍ കെഎസ്ആർടിസി തയാറായിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റ് മാസം മുതലാണ് കൊവിഡ് കാല പ്രത്യേക സർവീസുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കെഎസ്ആർടിസി ആരംഭിച്ചത്. ബസ് പുറപ്പെടുന്നയിടം മുതല്‍ എവിടെ വരെ പോകുന്നുവോ അതുവരെയുള്ള ടിക്കറ്റ് നിരക്കാണ് റിസർവ് ചെയ്യുന്ന എല്ലാവരില്‍ നിന്നും ഈടാക്കിയിരുന്നത്. അതായത് എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ബസില്‍ കൊച്ചിയില്‍ നിന്നും കയറുന്നവരും വയനാട്ടില്‍ നിന്നും കയറുന്നവരും ഒരേ നിരക്കുതന്നെ നല്‍കി സീറ്റ് ബുക് ചെയ്യണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് പോകുമ്പോഴും അങ്ങനെതന്നെ.

കർണാടകത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ കർണാടക ആർടിസിയും മറ്റ് സ്വകാര്യ സർവീസുകളും ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരക്കിലെ വ്യത്യാസം കണ്ട് പല യാത്രക്കാരും മറ്റ് സർവീസുകൾ തേടി പോവുകയാണെന്നും ബുക്കിംഗ് കുത്തനെ കുറഞ്ഞെന്നും കെഎസ്ആർടിസി ജീവനക്കാരും പറയുന്നു.

click me!