കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് ഫലം നാളെ; വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ തയ്യാർ, നെഞ്ചിടിപ്പോടെ മുന്നണികൾ

By Web TeamFirst Published Dec 15, 2020, 6:27 AM IST
Highlights

പലത് കൊണ്ടും നാളത്തെ ഫലം മുന്നണിനേതൃത്വങ്ങള്‍ക്ക് അതിനിര്‍ണായകമാണ്. സ്വര്‍ണക്കടത്തടക്കം സമാനതകളില്ലാത്ത ആക്ഷേപങ്ങളില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന ഇടത് മുന്നണിക്കാണ് നാളത്തെ ഫലം ഏറ്റവും നിര്‍ണായകം. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും.

സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുൻസിപ്പാലികളിലേയും കോർപ്പറേഷനുകളിലേതും വോട്ടിംഗ് സാമഗ്രഹികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. 

ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും. വോട്ടെണ്ണലിന്റെ ഓരോ സെക്കൻറിലും ഫലം ജനങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും പതിവ് പോലെ തയ്യാറായിക്കഴിഞ്ഞു. വിവിധ വോട്ടണ്ണെൽ കേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്നുമുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണുള്ളത്

പലത് കൊണ്ടും നാളത്തെ ഫലം മുന്നണിനേതൃത്വങ്ങള്‍ക്ക് അതിനിര്‍ണായകമാണ്. സ്വര്‍ണക്കടത്തടക്കം സമാനതകളില്ലാത്ത ആക്ഷേപങ്ങളില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന ഇടത് മുന്നണിക്കാണ് നാളത്തെ ഫലം ഏറ്റവും നിര്‍ണായകം. സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ അന്തസായി പറഞ്ഞ് നില്‍ക്കാം, നിങ്ങളുടെ വ്യാജപ്രചാരണം ജനം പുച്ഛിച്ച് തള്ളിയെന്ന്. മറിച്ചായാല്‍ അഞ്ച് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ മറ്റൊരു നേതാവിനെ തേടുന്നതടക്കം കാര്യങ്ങള്‍ എല്‍ഡിഎഫിന് പരിഗണിക്കേണ്ടി വരും. മുന്നണിയിലേക്ക് വന്ന ജോസ് കെ മാണിയുടെയും കൂട്ടരുടെയും നിലയും പരുങ്ങിലിലാകും. കോട്ടയമടക്കം സ്വാധീനമുള്ള ജില്ലകളിലെ ഫലം അവരും ഉറ്റുനോക്കുകയാണ്. 

ഇത്രയും അനുകൂല സാഹചര്യത്തിലും നല്ലൊരു വിജയം നേടാനായില്ലെങ്കില്‍ യുഡിഎഫില്‍ രണ്ട് സ്ഥാനങ്ങള്‍ ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷനേതാവിന്‍റെ സ്ഥാനവും കെപിസിസി അധ്യക്ഷന്‍റെ സ്ഥാനവും.ഒപ്പം ജമാഅത്തൈ ഇസ്ലാമി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസംകോണ്‍ഗ്രസിനകത്തും മുന്നണിക്കകത്തും പൊട്ടിത്തെറിയുണ്ടാക്കും. മറിച്ച് വിജയിക്കാനായാല്‍ പതിന്‍മടങ്ങ് ആത്മവിശ്വാസത്തോടെ അവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാം. ബിജെപിയില്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും നാളത്തെ ഫലം അഗ്നിപരീക്ഷയാണ്. 

കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചമുണ്ടാകുമെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാനായില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി ഉറപ്പാണ്. സുരേന്ദ്രനോട് കലഹിച്ച് നില്‍ക്കുന്ന നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയാല്‍ പിടിച്ച് നില്‍ക്കാന്‍ ഇന്നത്തെ നേതൃത്വം പാട്പെടും. ചുരുക്കത്തില്‍ സെമിഫൈനലെന്ന് പറഞ്ഞ് തുടങ്ങിയ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എവിടെയും ഫൈനല്‍ പ്രതീതിയാണ്. ആര് വാഴും ആര് വീഴും നമുക്ക് കാത്തിരിക്കാം.
 

click me!